സിറിയയിൽ നിന്ന് റഷ്യ സൈന്യത്തെ ഭാഗികമായി പിൻവലിക്കുന്നു

ദമാസ്്ക്കസ് : സിറിയയിൽ നിന്ന് റഷ്യയുടെ ഭാഗിക സൈനിക പിന്മാറ്റത്തിന് പ്രസിഡണ്ട് വ്ളാദിമിർ പുടിൻ ഉത്തരവിട്ടു. സിറിയയിൽ നിയോഗിച്ചിട്ടുള്ള റഷ്യൻ സൈനികരിൽ നല്ലൊരു ശതമാനം നാട്ടിലേക്ക് മടങ്ങുകയാണെന്ന് പുടിൻ വ്യക്തമാക്കി. ഈജിപ്തിലേക്കുള്ള യാത്രാ മധ്യേ അപ്രതീക്ഷിതമായി സിറിയയിലെ റഷ്യൻ സൈനിക താവളങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു പുടിന്റെ തീരുമാനം.
സിറിയയിലെ സൈനിക നീക്കത്തിൽ പ്രസിഡണ്ട് ബഷർ അൽ അസദിന് പ്രധാന പിന്തുണ നൽകിയിരുന്നത് റഷ്യയായിരുന്നു. സിറിയൻ പ്രസിഡണ്ട് ബഷർ അൽ അസദുമായി പുടിൻ കൂടിക്കാഴ്ച നടത്തി. ഇതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്തു. രണ്ട് വർഷത്തിനുള്ളിൽ കൊടുംഭീകരരെ സിറിയൻ മണ്ണിൽ നിന്നു തുരത്താൻ റഷ്യൻ, സിറിയൻ സൈന്യത്തിനായെന്നും ഈ സാഹചര്യത്തിൽ റഷ്യൻ സൈന്യം അവരുടെ മാതൃരാജ്യത്തേക്കു മടങ്ങുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ റഷ്യൻ പ്രതിരോധ മന്ത്രിയോടും ചീഫ് ഓഫ് സ്റ്റാഫിനോടും താൻ നിർദേശിക്കുകയാണെന്നും പുടിൻ പറഞ്ഞു. പുടിന്‍റെ പ്രസംഗം ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്തു. ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പുടിൻ പറഞ്ഞു. സൈനിക ഇടപെടലിന് പകരം ഇനി രാഷ്‌ട്രീയ നടപടികളാണ് വേണ്ടത്. റഷ്യൻ സൈനികർ ഭാഗികമായി പിന്മാറുകയാണെങ്കിലും ഭീകരർ ഇനി തല പൊക്കിയാൽ മുന്പൊരിക്കലും ഉണ്ടാവാത്ത തരത്തിലുള്ള ആക്രമണം നടത്തി അവരെ തുടച്ചുനീക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.
എത്രനാൾ കൊണ്ടായിരിക്കും പിന്‍മാറ്റമെന്ന ചോദ്യത്തിന് അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു പ്രതിരോധമന്ത്രി സെർജി ഷൊയ്ഗുവിന്റെ മറുപടി. കഴിഞ്ഞ വർഷവും സൈന്യത്തെ പിൻവലിക്കുന്നതായി പുടിൻ പറഞ്ഞിരുന്നു. എന്നാൽ സൈന്യം പിൻവാങ്ങിയിരുന്നില്ല. 2015 സപ്തംബറിലാണ് റഷ്യ ആദ്യമായി സിറിയയിൽ വ്യോമാക്രമണം നടത്തുന്നത്.