എംആർ­പി­യി­ലും കൂ­ടി­യ തു­കയ്ക്ക് കു­ടി­വെ­ള്ളം വി­ൽ­ക്കു­ന്നത് തടവു­ശി­ക്ഷ ലഭി­ക്കാ­വു­ന്ന കു­റ്റം : കേ­ന്ദ്രം


ന്യൂ‍‍ഡൽഹി : പരമാവധി വിൽപ്പന വിലയിലും (എംആർപി) കൂടിയ തുകയ്ക്ക് കുടിവെള്ളം വിൽക്കുന്നത് തടവുശിക്ഷ ഉൾപ്പെടെ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതിനു പുറമെ ഉപഭോക്താക്കളുടെ അവകാശങ്ങളിൽമേലുള്ള കടന്നുകയറ്റമാണിതെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.

അനധികൃതമായ നിരക്കിൽ കുടിവെള്ളം വിൽക്കുന്നത് നികുതി വെട്ടിപ്പിന്റെ പരിധിയിൽ വരുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സേവന നികുതി, എക്സൈസ് ഡ്യൂട്ടി വിഭാഗങ്ങളിൽപ്പെടുത്താവുന്ന തുകയാണ് ഇതുവഴി സർക്കാരിന് നഷ്ടമാകുന്നത്. ആഢംബര ഹോട്ടലുകളിലും മൾട്ടിപ്ലക്സുകളിലും റസ്റ്ററന്റുകളിലും കുടിവെള്ളം എംആർപിയിലും കൂടിയ വിലയ്ക്ക് വിൽക്കുന്നതായി നേരത്തേ മുതൽ ആക്ഷേപമുണ്ട്. 

ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (എഫ്എച്ച്ആർഎഐ) സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിയുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. കുടിവെള്ളത്തിന് കൂടിയ തുക ഈടാക്കുന്നതിനെതിരെ ‍ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്താണ് ഹോട്ടൽ ഉടമകളുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രോഹിങ്ടൻ എഫ്.നരിമാൻ നേതൃത്വം നൽകുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

പാക്കറ്റ് ഉൾപ്പന്നങ്ങൾക്ക് എംആർപിയിലും കൂടിയ തുക ഈടാക്കുന്നത് ലീഗൽ മെട്രോളജി ആക്ട് പ്രകാരവും ശിക്ഷാർഹമായ കുറ്റമാണെന്ന് സർക്കാർ വ്യക്തമാക്കി. ഇത്തരം കുറ്റം ചെയ്യുന്നവർക്കുമേൽ 25,000 രൂപ വരെ പിഴ ചുമത്താനും ഈ നിയമം അനുമതി നൽകുന്നുണ്ട്. കുറ്റം ആവർത്തിക്കുന്നവരിൽനിന്ന് ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം വരെ ജയിൽശിക്ഷയും നൽകാനും നിയമം അനുശാസിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed