ഹാഫിസ് സയീദിനെ വിട്ടയച്ചു : പ്രതിഷേധിച്ച് ഇന്ത്യയും അമേരിക്കയും
ലാഹോർ : ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലായിരുന്ന ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ പാകിസ്ഥാൻ വിട്ടയച്ചു. പത്ത് മാസത്തോളമായി വീട്ടുതടങ്കലിലായിരുന്ന സയീദിനെ മോചിപ്പിക്കണമെന്ന് പാകിസ്ഥാനിലെ പഞ്ചാബ് ജുഡീഷ്യൽ റിവ്യൂ ബോർഡ് ഇന്നലെ ഉത്തരവിട്ടിരുന്നു. വീട്ടുതടങ്കലിൽ ആയിരുന്ന സയീദിനെ മൂന്ന് മാസത്തേക്ക് കൂടി തടവിൽ വെക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് റിവ്യൂ ബോർഡിനെ സമീപിച്ചിരുന്നു. ഇതിനായി രണ്ട് ദിവസത്തിനുള്ളിൽ സയീദിനെതിരായ തെളിവുകൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. റിവ്യൂ ബോർഡ് മുന്പാകെ ഹാജരായ പാക് ധനമന്ത്രാലയ ഉദ്യോഗസ്ഥൻ പുതിയ തെളിവു ഹാജരാക്കിയെങ്കിലും ബോർഡ് അത് അംഗീകരിച്ചില്ല. സയീദിനെ വിട്ടയച്ചാൽ അന്തർദേശീയ തലത്തിൽ പാകിസ്ഥാനെതിരേ ഉപരോധത്തിന് സാധ്യതയുണ്ടെന്ന വാദവും ബോർഡ് തള്ളി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൂടിയായ സയീദിനെയും അബ്ദുല്ല ഉബൈദ്, മാലിക് സഫർ ഇക്ബാൽ, അബ്ദുൽ റഹ്മാൻ ആബിദ്, ഖാസി ഖാഷിഫ് ഹുസൈൻ എന്നിവരെയും ജനുവരി 31നാണ് 90 ദിവസത്തെ വീട്ടുതടങ്കലിലാക്കിയത്. അതിനുശേഷം ഇതുവരെ ഇവർ തടങ്കലിലായിരുന്നു. ഇതിൽ അവസാനത്തെ രണ്ടു തവണ തടങ്കൽ നീട്ടിയത് പബ്ലിക് ഓർഡർ ഓർഡിനൻസ് പ്രകാരമാണ്.
അതേസമയം ഹാഫിസ് സയീദിനെ വിട്ടയച്ച പാകിസ്ഥാന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ രംഗത്തെത്തി. ഭീകരവാദത്തിനെതിരെ പോരാടുന്നുവെന്ന് ആവർത്തിക്കുന്ന പാകിസ്ഥാന്റെ വ്യാജമുഖമാണിതെന്ന് ഇന്ത്യ ആരോപിച്ചു. ഭീകരവാദത്തിന്റെ കാര്യത്തിൽ പകിസ്ഥാന്റേത് രാജ്യാന്തര സമൂഹത്തെ കബളിപ്പിക്കുന്ന നിലപാടാണ്. അതിന്‍റെ വ്യക്തമായ ഉദാഹരണമാണ് ഭീകരനായ ഹാഫിസ് സയീദിനെ വിട്ടയച്ചതെന്നും ഇന്ത്യ വ്യക്തമാക്കി. പാക് മണ്ണ് ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നുമുള്ള വാക്ക് പാലിക്കാൻ തയ്യാറാകണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
ഫാഫിസ് സയീദിനെ മോചിപ്പിച്ചതിൽ പാകിസ്ഥാനോട് അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കയും രംഗത്തെത്തി. ഐക്യരാഷ്ട്രസഭയും അമേരിക്കയും ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് ഹാഫിസ് സയീദെന്ന് പാകിസ്ഥാൻ മറന്ന് പോകരുതെന്ന് ഡോണൾഡ് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി. പാകിസ്ഥാന്റെ ജനാധിപത്യത്തിന്റെ വിജയമാണിതെന്നായിരുന്നു ഉത്തരവിനോടുള്ള ഹാഫിസ് സയീദിന്റെ പ്രതികരണം. താൻ പുറത്തുവരാതിരിക്കാൻ ഇന്ത്യ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടെന്നു റിവ്യൂ ബോർഡ് നിർദേശം അറിഞ്ഞ ശേഷം നൽകിയ വീഡിയോ സന്ദേശത്തിൽ സയീദ് പറഞ്ഞു.
ജമാഅത്തുദ്ദവയെ വിദേശ ഭീകരസംഘടനായി പ്രഖ്യാപിച്ച യു.എസിന്റെ സമ്മർദത്തെ തുടർന്നാണ് സയീദിനെ വീട്ടുതടങ്കലിലാക്കിയത്. ഇയാളുടെ തലയ്ക്ക് യു.എസ് ഒരുകോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ മറ്റൊരു കേസിൽ സയീദിനെ തുടർന്നും തടങ്കലിൽ വെയ്ക്കുന്ന കാര്യം പാക് പഞ്ചാബ് സർക്കാരിന്‍റെ പരിഗണനയിലുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.


