ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതിയിൽ വിജയ് മല്യ ഹാജരായി
ലണ്ടൻ : ബാങ്കുകളിൽ നിന്ന് ഒന്പതിനായിരം കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വിജയ് മല്യ ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം ഡിസംബർ നാലു മുതൽ പരിഗണിക്കാനിരിക്കെയാണ് മദ്യരാജാവ് കോടതിയിൽ ഹാജരായത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇതുസംബന്ധിച്ച തെളിവുകൾ ഹാജരാക്കാമെന്നും മല്യ കോടതിയിൽ അവകാശപ്പെട്ടു. മുങ്ങിയ വിജയ് മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ ബ്രിട്ടനിലെ കോടതിയിൽ ഡിസംബർ നാലു മുതൽ എട്ടു ദിവസം വാദം നടക്കും. 14ന് അവസാനിക്കും. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിലാണ് നടപടികൾ.
സ്കോട്‌ലൻഡ് യാർഡ് മുന്പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഇന്നലെ കോടതി ജാമ്യ വ്യവസ്ഥകളിൽ മാറ്റം വരുത്തിയില്ല. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കോടതിയിൽ തെളിവുകൾ സംസാരിക്കുമെന്നും മല്യ മാധ്യമപ്രവർത്തകരോടും പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി ഒന്പതിനാണ് മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യം വിദേശകാര്യ മന്ത്രാലയം മുന്നോട്ടുവച്ചത്. 17 ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത 9000 കോടി തിരിച്ചടയ്ക്കാത്തത് അടക്കമുള്ള കേസുകളാണ് ഇന്ത്യയിൽ മല്യയ്ക്കെതിരെയുള്ളത്. നിയമ നടപടികളുമായി സഹകരിക്കാതെ 2016 മാർച്ചിൽ ബ്രിട്ടനിലേക്ക് കടന്ന മല്യ പിന്നീട് തിരിച്ചുവന്നില്ല. ഇതോടെയാണ് മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ ബ്രിട്ടനെ സമീപിച്ചത്.
ഇന്ത്യക്കുവേണ്ടി ബ്രിട്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ്(സി.പി.എസ്) ആണു കേസ് വാദിക്കുന്നത്. തട്ടിപ്പിനു പുറമേ പണം വെളുപ്പിക്കൽ കുറ്റംകൂടി ചുമത്തണമെന്ന് സി.പി.എസ് മുന്പ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.


