നവാസ് ഷെരീഫിനും കുടുംബത്തിനും യാത്രാ വിലക്ക് ഏർപ്പെടുത്താൻ നീക്കം
ഇസ്ലാമാബാദ് : നവാസ് ഷെരീഫിനെതിരെ ഇസ്ലാമാബാദിലെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കുരുക്ക് മുറുക്കുന്നതായി റിപ്പോർട്ടുകൾ. അയോഗ്യനാക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യം വിട്ടു പോകാതിരിക്കാനുള്ള നടപടികളുമായി പാക് അഴിമതി വിരുദ്ധ വിഭാഗം രംഗത്ത്. രാജ്യത്തിന് പുറത്തേയ്ക്ക് യാത്രാ നിരോധനം ഉള്ളവരുടെ പട്ടികയിൽ ഷെരീഫിന്റെയും കുടുംബാംഗങ്ങളായ നാലു പേരുടെയും പേരുകൾ ഉൾപ്പെടുത്താനുള്ള നടപടി തുടങ്ങി. പനാമ രേഖകളിലെ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയിൽ ഷെരീഫിന്റെ വിവരങ്ങളും പുറത്തു വന്നതാണ് നടപടിക്ക് കാരണം.
ലണ്ടനിൽ അനധികൃതമായി സ്വത്തുണ്ടെന്ന കുറ്റവും ഷെരീഫിനും കുടുംബത്തിനും എതിരെയുണ്ട്. അനധികൃത സ്വത്ത് സന്പാദന കേസിൽ സുപ്രീംകോടതി അയോഗ്യത കൽപ്പിച്ചതിനെ തുടർന്ന് ജൂലൈയിലാണ് ഷെരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. സുപ്രീംകോടതി വിധിയെ തുടർന്ന് സപ്തംബർ എട്ടിനാണ് ഷെരീഫിനും മക്കൾക്കും മരുമകനും എതിരെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്.
ഷെരീഫിനും മക്കളായ ഹുസൈൻ, ഹസൻന, മകൾ മറിയം മകളുടെ ഭർത്താവ് മുഹമ്മദ് സഫ്ദർ എന്നിവർക്ക് എതിരായ നടപടിക്ക് എൻ.എ.ബി തുടക്കം കുറിച്ചു. യാത്രാ നിരോധന പട്ടികയിൽ ഷെരീഫിന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എൻ.എ.ബി ലാഹോർ ഘടകം ഇസ്ലാമാബാദിലെ കേന്ദ്ര ആസ്ഥാനത്തേയ്ക്ക് എഴുതിയിട്ടുണ്ട്.
ബ്രിട്ടണിൽ സ്ഥിര താമസമാക്കിയ ഷെരീഫിന്റെ മക്കളായ ഹസനും ഹുസൈനും ഇതുവരെയും കോടതി നടപടികളിൽ സഹകരിച്ചിരുന്നില്ല. ഇതേതുടർന്ന് ഇവർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച കോടതി ഇവരുടെ പാസ്പോർട്ട് റദ്ദാക്കാനും ഉത്തരവിട്ടിരുന്നു.


