റാഫേൽ ഇടപാട് : പ്രതിരോധ മന്ത്രിക്ക് മറുപടിയുമായി രാഹുൽ
ന്യൂഡൽഹി : റാഫേൽ ഇടപാട് സംബന്ധിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങൾ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് പറഞ്ഞ കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമന് മറുപടിയുമായി രാഹുൽ രംഗത്തെത്തി. അവരുടെ തലവൻ അവരെ നിശ്ശബ്ദരാക്കുന്നതാണ് ഏറെ നാണക്കേടെന്ന് രാഹുൽ തിരിച്ചടിച്ചു. റാഫേൽ ഇടപാട് പ്രഖ്യാപിക്കുന്നതിന് മുന്പ് കാബിനറ്റ് സുരക്ഷാ കമ്മിറ്റിയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുവാദം വാങ്ങിയിരുന്നോ എന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒരു വ്യവസായിക്ക് വേണ്ടി നരേന്ദ്ര മോഡി സർക്കാർ അട്ടിമറിച്ചെന്ന് രാഹുൽ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. റാഫേൽ ഇടപാട് കൊള്ളയാണെന്നും അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസ് ഉൾപ്പെട്ടതിൽ വിശദീകരണം നൽകണമെന്നും രാഹുൽ ആവശ്യപ്പെടുന്നു.
ഇതിന് മറുപടിയായാണ് ആരോപണം സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തിയത്. വ്യോമസേനയ്ക്ക് യുദ്ധ വിമാനങ്ങൾ ആവശ്യമായിരുന്നിട്ടും കഴിഞ്ഞ 10 വർഷം അനങ്ങാതിരുന്ന കോൺഗ്രസ്സാണ് ആരോപണം ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു. തങ്ങൾ തീരുമാനിച്ചുറപ്പിച്ച വിലയേക്കാൾ മൂന്നിരട്ടി വിലയിലാണ് നരേന്ദ്ര മോഡി സർക്കാർ വിമാനംവാങ്ങാൻ ഫ്രാൻസുമായി കരാറൊപ്പിട്ടതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ഫ്രാൻസിലെ ഡസോൾട്ട് ഏവിയേഷൻ നിർമ്മിക്കുന്ന വിമാനങ്ങൾക്ക് 58,000 കോടി രൂപയാണ് ചിലവിടുന്നത്. 36 റാഫേൽ വിമാനങ്ങളിൽ ആദ്യത്തേത് ഒന്നര വർഷത്തിനകം ഇന്ത്യയ്ക്ക് ലഭിക്കും. അഞ്ചര വർഷത്തിനകം 36 വിമാനങ്ങളും കൈമാറണമെന്നാണ് വ്യവസ്ഥ. അത്യാധുനിക സംവിധാനങ്ങളുള്ള റാഫേൽ വിമാനം സ്വന്തമാകുന്നതോടെ വ്യോമാക്രമണശേഷിയിൽ ഇന്ത്യ പാകിസ്ഥാനെ കവച്ചുവെക്കും. കാലപ്പഴക്കം ചെന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പഴയ സോവിയറ്റ് യൂണിയൻ നിർമ്മിത മിഗ് 21 വിമാനങ്ങൾക്ക് പകരമായാണ് റാഫേൽ എത്തുന്നത്. ദൃശ്യപരിധിക്കപ്പുറം ശേഷിയുള്ള മിറ്റിയോർ മിസൈൽ, ഡിസ്പ്ലേ സംവിധാനത്തോടെയുള്ള ഇസ്രയേൽ നിർമ്മിത ഹെൽമറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് പുറമെ വ്യോമസേന നിർദ്ദേശിച്ച മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ഇന്ത്യക്ക് വേണ്ടി 36 റാഫേൽ വിമാനങ്ങൾ ഫ്രാൻസ് നിർമ്മിക്കുന്നത്.


