പാനമ ഗേറ്റ് അഴിമതിക്കേസിന്റെ വിചാരണ പൂർത്തിയായി; കോടതി വിധി ഉടൻ
ഇസ്ലാമാബാദ് : പാനമഗേറ്റ് അഴിമതിക്കേസിൽ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരായ വിചാരണ പൂർത്തിയായതായി മൂന്നംഗ സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. വിധി പ്രഖ്യാപിക്കുന്ന തീയതി ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ ബെഞ്ച് വെളിപ്പെടുത്തിയിട്ടില്ല.
ഷരീഫ് കുറ്റക്കാരനാണെന്നു കോടതി പ്രഖ്യാപിച്ചാൽ അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ജീവിതത്തിൽ നിന്ന് തൽകാലത്തേക്കെങ്കിലും മാറി നിൽക്കേണ്ടി വരും. കേസ് പുനരന്വേഷണത്തിനായി നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കു കൈമാറണമെന്നു വിധിച്ചാൽ അദ്ദേഹത്തിനു പദവിയിൽ തുടരാനും കഴിയും.
ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന അടിയന്തര യോഗം സ്ഥിതിഗതികൾ അവലോകനം ചെയ്തു. നവാസിന്‍റെ സഹോദരനും പാക് പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷരീഫ്, ഫെഡറൽ മന്ത്രിമാർ, നിയമോപദേഷ്ടാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊൻസെക എന്ന സ്ഥാപനം മുഖേന കള്ളപ്പണം വെളുപ്പിച്ച് ഷരീഫ് കുടുംബം വിദേശത്തു സ്വത്തുവാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. സംയുക്ത അന്വേഷണ സമിതി തയാറാക്കിയ റിപ്പോർട്ട് പക്ഷപാതപരമാണെന്ന് ഷരീഫ് പറഞ്ഞു. പാക് സൈന്യം ഷരീഫിനെതിരാണെന്നാണു റിപ്പോർട്ട്. ജുഡീഷറിയിലെയും സൈന്യത്തിലെയും ചിലർ തന്നെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമിക്കുകയാണെന്ന് ഷരീഫ് അടുത്ത സുഹൃത്തുക്കളോടു പറഞ്ഞതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
ഇതിനിടെ, പാനമഗേറ്റ് അഴിമതി സംബന്ധിച്ചു സംയുക്ത സമിതി തയാറാക്കിയ റിപ്പോർട്ടിലെ പത്താം വാല്യത്തിന്‍റെ കോപ്പി ഷരീഫിന്‍റെ അഭിഭാഷകൻ ഖാജാ ഹാരീസിനു നൽകാൻ സുപ്രീംകോടതി നിർദേശിച്ചു. മകൾ മറിയം വ്യാജരേഖകൾ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മറ്റു രാജ്യങ്ങളുമായുള്ള കത്തിടപാടുകളുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ടിലെ അവസാന ഭാഗം രഹസ്യമാക്കി സൂക്ഷിക്കണമെന്നു സമിതി കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഷരീഫിന്റെ അഭിഭാഷകർ ഇതിനെ എതിർത്തു.

