ഉത്തരകൊറിയ സന്ദർശിക്കുന്നതിൽ നിന്ന് പൗരൻമാരെ വിലക്കാന്‍ യുഎസ് ഒരുങ്ങുന്നതായി റിപ്പോർട്ട്
വാഷിങ്ടൻ : ഉത്തരകൊറിയയുമായി അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിൽ അവിടം സന്ദർശിക്കുന്നതിൽനിന്ന് പൗരൻമാരെ വിലക്കാന്‍ യുഎസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ജൂലൈ 27നു വിലക്കു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണു സൂചന. 30 ദിവസങ്ങൾക്കുശേഷം വിലക്കു പ്രാബല്യത്തിൽ വരും. ഉത്തരകൊറിയയിലേക്കു വിനോദസഞ്ചാരികളെ എത്തിക്കുന്ന ഏജൻസികളായ കോർയോ ടൂർസ്, യങ് പയനിയർ ടൂർസ് എന്നിവയാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. എന്നാൽ, ഇക്കാര്യം യുഎസ് സ്ഥിരീകരിച്ചിട്ടില്ല.
എന്നാൽ, ഇതു സംബന്ധിച്ച് നിർദേശം ലഭിച്ചെന്നു യങ് പയനിയർ ടൂർസ് പത്രക്കുറിപ്പിൽ അറിയിച്ചു. 30 ദിവസങ്ങൾക്കുശേഷം ഉത്തരകൊറിയ സന്ദർശിക്കുന്നവരുടെ പാസ്പോർട്ട് അസാധുവാകുമെന്നും യുഎസ് അറിയിച്ചതായി പത്രക്കുറിപ്പിലുണ്ട്. ഉത്തരകൊറിയയിലെ യുഎസ് കാര്യങ്ങൾ നോക്കുന്ന സ്വീഡിഷ് എംബസിയിൽനിന്നാണു വിവരം അറിയിച്ചതെന്ന് യങ് പയനിയർ ടൂർസ് പ്രതികരിച്ചു. രാജ്യത്തു ബാക്കിയുള്ള യുഎസ് പൗരന്മാരായ വിനോദസഞ്ചാരികളെക്കുറിച്ച് എംബസി വിവരങ്ങൾ ശേഖരിക്കുകയാണ്. എല്ലാ യുഎസ് പൗരന്മാരും ഉടൻ രാജ്യം വിടണമെന്നും എംബസി അറിയിക്കുന്നുണ്ട്.
ഉത്തരകൊറിയയിൽ തടവിൽ കഴിയവെ ‘കോമ’ അവസ്ഥയിലാവുകയും പിന്നീട് മരണത്തിനു കീഴടങ്ങുകയും ചെയ്ത ഒട്ടോ വാമ്പിയർ (22) ഉൾപ്പെടുന്ന സംഘത്തെ ഉത്തരകൊറിയയിൽ എത്തിച്ചത് യങ് പയനിയർ ടൂർസ് കമ്പനിയായിരുന്നു. സാമ്പത്തികശാസ്ത്ര വിദ്യാർഥിയായിരുന്ന ഒട്ടോ വാമ്പിയർ 2016 ജനുവരി രണ്ടിനാണ് ഉത്തരകൊറിയയിൽ അറസ്റ്റിലായത്. 15 വർഷത്തേക്കാണ് ശിക്ഷ ലഭിച്ചത്. പിന്നീട് ജൂണിൽ വാമ്പിയർ ബോട്ടുലിസം ബാധിച്ച് കോമയിലാണെന്ന് ഉത്തര കൊറിയ അറിയിക്കുകയായിരുന്നു. ഈ ജൂൺ 13ന് വാമ്പിയറിനെ യുഎസിലേക്കു മടക്കിയയച്ചു. വാമ്പിയറിനെക്കൂടാതെ മൂന്നു യുഎസ് പൗരന്‍മാർക്കൂടി ഉത്തരകൊറിയയിൽ തടവിലുണ്ട്.

