അഴിമതി റിപ്പോർട്ട് പുറത്തായ സംഭവത്തിൽ ബി.ജെ.പി നടപടിക്ക്
തിരുവനന്തപുരം : മെഡിക്കൽ കോളജിന് അനുമതി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നേതാക്കൾ കോടികൾ കോഴ വാങ്ങിയെന്ന അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിൽ ബി.ജെ.പി കർശന നടപടിയിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി റിപ്പോർട്ട് ചോർത്തിയെന്ന് കണ്ടെത്തിയ സംസ്ഥാന സെക്രട്ടറിയും അന്വേഷണ കമ്മീഷൻ അംഗവുമായ എ.കെ നസീറിനെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നാണ് റിപ്പോർട്ട്.
കെ.പി ശ്രീശൻ, എ.കെ നസീർ എന്നവരടങ്ങിയ രണ്ടംഗ കമ്മീഷനാണ് മെഡിക്കൽ അഴിമതി ആരോപണം അന്വേഷിച്ചത്. റിപ്പോർട്ടിൽ എം.ടി രമേശിനും ആർ.എസ് വിനോദിനും നേരെയായിരുന്നു ആരോപണങ്ങൾ. റിപ്പോർട്ട് ചോർന്നതിനെക്കുറിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം അന്വേഷണം തുടരുകയാണ്.
അതേസമയം മെഡിക്കൽ കോളേജ് വിവാദത്തിൽ തന്റെ പേര് പരാമർശിച്ച് തേജോവധം ചെയ്യാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായ്ക്ക് പരാതി നൽകി. കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. മാങ്ങാട്ടുപറന്പ് കെ.എ.പി ബറ്റാലിയനിൽ പാസിംഗ് ഔട്ട് പരേഡിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഡി.ജി.പി.
അതിനിടെ മെഡിക്കൽ കോഴ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. കേരളത്തിൽ നിന്നുള്ള എം.പിമാർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയുടെ നടുത്തളത്തിലിറങ്ങി. എന്നാൽ ശൂന്യവേളയിൽ വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി സ്പീക്കർ അനുമതി നിഷേധിച്ചു. വ്യാഴാഴ്ചയും വിഷയം എം.പിമാർ സഭയിൽ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

