ഏഴര പതിറ്റാണ്ട് മഞ്ഞില്‍പ്പുതഞ്ഞ് കിടന്ന മൃതദേഹങ്ങള്‍ കണ്ടെടുത്തു
ജനീവ : ഏഴര പതിറ്റാണ്ട് മലനിരകളില്‍ മഞ്ഞില്‍പ്പുതഞ്ഞ് കിടന്ന ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. തെക്കന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മഞ്ഞുമൂടിയ ഡിയാബ്ലിററ്റ്‌സ് മലനിരയില്‍ 8,500 അടി ഉയരത്തിലാണ് ദമ്പതികളായ മാര്‍സിലിന്‍ ഡുമൊലിന്റെയും ഫ്രാന്‍സിനിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
1942 ഓഗസ്റ്റ് 15 ന് മലനിരയില്‍ മേയുകയായിരുന്ന തങ്ങളുടെ പശുക്കൂട്ടത്തെ കറക്കാനായി പോയ ദമ്പതികളെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. മഞ്ഞുമലയിടിഞ്ഞ് ഇരുവരും മരിക്കുകയും മൃതദേഹങ്ങള്‍ മഞ്ഞുപാളിക്കടിയില്‍ എഴുപത്തിയഞ്ച് വര്‍ഷം ഏറെയൊന്നും കേടുപാടുകള്‍ കൂടാതെ കിടക്കുകയുമായിരുന്നു.
ഡുമൊലിനു നാല്പതും ഫ്രാന്‍സിനിന് 37 വയസുമുള്ളപ്പോഴാണ് ഇവരെ കാണാതാകുന്നത്. രണ്ട് പെണ്‍കുട്ടികള്‍ അടക്കം തങ്ങളുടെ ഏഴു മക്കളെ അനാഥരാക്കിയായിരുന്നു അന്നത്തെ മഞ്ഞവീഴ്ചയില്‍ ദമ്പതികള്‍ അകാലചരമമടഞ്ഞത്. ഇത്രയും വര്‍ഷം പിന്നിട്ടിട്ടും കാര്യമായ കേടുപാടുകള്‍ സംഭവിക്കാതിരുന്ന രണ്ടു മൃതദേഹങ്ങളും അടുത്തടുത്തായാണ് കാണപ്പെട്ടത്. വെള്ളക്കുപ്പി, പുസ്തകം, വാച്ച് എന്നിവയും കേടുപാടുകള്‍ കൂടാതെ ഇവരുടെ സമീപത്തുണ്ടായിരുന്നു. ഇരുമൃതദേഹങ്ങളും ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മുക്കാല്‍ പതിറ്റാണ്ടായി തങ്ങള്‍ മാതാപിതാക്കള്‍ക്കായി അന്വേഷണം നടത്തുകയായിരുന്നുവെന്നും ഒടുവില്‍ അവര്‍ക്ക് ശാശ്വതമായ യാത്രയയപ്പിന് തങ്ങള്‍ക്ക് അവസരം കിട്ടിയതിന്റെ ആശ്വാസത്തിലാണ് തങ്ങളെന്നും ദമ്പതികളുടെ ഇളയ മകള്‍ മാര്‍സെലിന്‍ ഉഡ്രി ഡുമോലിന്‍ പറഞ്ഞു. 79 വയസുള്ള മാര്‍സെലിന്‍, ദമ്പതികളെ കാണാതാകുമ്പോള്‍ നാലു വയസുകാരിയായിരുന്നു. മാതാപിതാക്കളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു. പല ബന്ധുക്കളുടെയും ഒപ്പം കഴിഞ്ഞിരുന്നതിനാല്‍ സഹോദരങ്ങള്‍ എല്ലാവരും പരസ്പരം ഏതാണ്ട് അപരിചിതരായാണ് ജീവിച്ചതെന്നും മാര്‍സെലിന്‍ ഉഡ്രി പറഞ്ഞു.

