കിരൺ ബേദിയെ അഡോൾഫ് ഹിറ്റ്ലറോട് ഉപമിച്ച് പോസ്റ്റർ


പുതുച്ചേരി : കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയെ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറോട് ഉപമിച്ച് പോസ്റ്റർ. പുതുച്ചേരിയിലെ കോൺഗ്രസ് ഘടകം തന്നെയാണു പോസ്റ്ററിനു പിന്നിലെന്നാണു സംശയം. ഹിറ്റ്ലറോട് ഉപമിച്ചുള്ള പോസ്റ്ററുകൾ കൂടാതെ, മറ്റുപല പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ന്യൂനപക്ഷ സമുദായത്തിനുവേണ്ടി നീക്കിവച്ചിരുന്ന എംഎൽഎ പദവിയിലേക്കു കേന്ദ്രത്തിന്റെ നിർദേശപ്രകാരം ഭൂരിപക്ഷ സമുദായത്തിൽനിന്നുള്ള മൂന്നു ബിജെപി നേതാക്കളെ നാമനിർദേശം ചെയ്തതിനെതിരെ ബേദിക്കു സംസ്ഥാനത്തുനിന്നു ശക്തമായ എതിർപ്പു നേരിടേണ്ടി വന്നിരുന്നു. ബിജെപിയുടെ പുതുച്ചേരി അധ്യക്ഷൻ വി. സ്വാമിനാഥൻ, ട്രഷറർ കെ.ജി. ശങ്കർ, ബിജെപിയുമായി ചേർന്നു വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എസ്. സെൽവഗണപതി എന്നിവരെയാണു കിരൺ ബേദി നാമനിർദേശം ചെയ്തത്.

എന്നാൽ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമം (യൂണിയൻ ടെറിട്ടറീസ് ആക്ട്) അനുസരിച്ച് നാമനിർദേശങ്ങൾ കൃത്യമാണെന്ന നിലപാടിലാണു കിരൺ ബേദിയും. ഇതേത്തുടർന്നു ജൂലൈ എട്ടിന് കോൺഗ്രസ്, ഡിഎംകെ, ഇടതു പാർട്ടികൾ തുടങ്ങിയവ സംസ്ഥാനത്തു ബന്ദ് നടത്തിയിരുന്നു.

പുതുച്ചേരിയിലെ ജനസംഖ്യ അനുസരിച്ച് ആറു ശതമാനമുള്ള ക്രിസ്ത്യന്‍ സമൂഹത്തിനാണ് ഈ പദവികൾ ലഭിച്ചുകൊണ്ടിരുന്നത്. മീൻപിടിത്ത സമൂഹത്തിനു നിയമസഭയിൽ ആവശ്യത്തിനു പ്രാതിനിധ്യമില്ലെന്നും ഇത്തരം പദവികളിലൂടെ മാത്രമേ ഇവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാകൂയെന്നും കോൺഗ്രസ് വാദിക്കുന്നു. മാത്രമല്ല, ബേദി നാമനിർദേശം ചെയ്തവരിൽ രണ്ടുപേർക്കെതിരെ ക്രിമിനൽ കേസുണ്ട്. ഇവരെ തിരഞ്ഞെടുക്കുന്നതിനു മുൻപായി സർക്കാരുമായി സംസാരിച്ചിരുന്നില്ലെന്നും ബേദിക്കെതിരെ ആരോപണമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed