ഗൾ­ഫ് പ്രതി­സന്ധി ­: ഖത്തറിന് മു­ന്നിൽ വീ­ണ്ടും ഉപാ­ധി­കളു­മാ­യി­ -സൗ­ദി­ സഖ്യം


റിയാദ് : ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ഖത്തറിന് മുന്നിൽ ഉപാധികളുമായി സൗദി സഖ്യം. നേരത്തെയുള്ള  13 ഉപാധികൾ ആറായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഉപാധികൾ നടപ്പാക്കാനായി ചർച്ചക്ക് തയ്യാറെന്ന സൂചനയും മുന്നോട്ട് വെച്ചാണ് സൗദി സഖ്യം രംഗത്തെത്തിയിരിക്കുന്നത്. തീവ്രവാദവും ഭീകരവാദവും എതിർക്കാനുള്ള  പ്രതിജ്ഞാബദ്ധതയും പ്രകോപനപരമായ പ്രവർത്തനങ്ങൾ നിർത്തണമെന്നുമുള്ള  ആവശ്യങ്ങളുമാണ് പുതിയ ഉപാധിയിലുള്ളത്. യു.എന്നിൽ നടന്ന വാർത്താ സമ്മേളനത്തിൽ സൗദി അറേബ്യയുടെ യു.എൻ സ്ഥാനപതി അബ്ദുല്ല അൽ മൗല്ലിമിയാണ് പുതിയ ഉപാധികൾ വെളിപ്പെടുത്തിയത്. 

പുതിയ ഉപാധികളിൽ അനുരഞ്ജന മില്ല. അവ നടപ്പാക്കുകയും പൂർണമായും പാലിക്കപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും വേണം. പുതിയ ഉപാധികൾ ഖത്തർ അംഗീകരിച്ചാൽ അവ എങ്ങിനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് സൗദി സഖ്യം ഖത്തറുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അൽ ജസീറ പൂട്ടാതെത്തന്നെ ഉപാധികൾ നടപ്പാക്കാൻ കഴിഞ്ഞാൽ അത് നല്ലതാണെന്നും അക്രമം ഇല്ലാതാക്കുകയെന്ന ആശയത്തിനാണ് പ്രധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുതിയ ഉപാധികൾ ഖത്തർ അംഗീകരിച്ചില്ലെങ്കിൽ ഗൾഫ് സഹകരണ കൗൺസിൽ പഴയ അവസ്ഥയിലാകാൻ ബുദ്ധിമുട്ടാണെന്ന് യു.എന്നിലെ യു.എ.ഇ.സ്ഥിരപ്രതിനിധി ലാന നുസ്സൈബയും വ്യക്തമാക്കി.

പന്ത് ഇപ്പോൾ ഖത്തറിന്റെ കോർട്ടിലാണെന്നും ഗൗരവപരമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും യു.എ.ഇ. അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി റീം അൽ ഹാഷിമിയും അഭിപ്രായപ്പെട്ടു. പ്രതിസന്ധിയിൽ അമേരിക്കയുടെ ഇടപെടൽ പരിഹാരത്തിന് വഴിതെളിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും റീം പ്രതികരിച്ചു. ഖത്തറും യു.എസും. തമ്മിൽ തീവ്രവാദ സഹായധനത്തിനെതിരെ ഒപ്പുവെച്ച കരാർ മികച്ച ചുവടുവെയ്പാണെന്നാണ് നേരത്തെ അവർ അഭിപ്രായപ്പെട്ടത്.

അതേസമയം സൗദി സഖ്യത്തിന്റെ പുതിയ ഉപാധി സംബന്ധിച്ച് ഖത്തർ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണി ഉയർത്തുന്നതും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതുമായ നടപടികൾ അംഗീകരിക്കില്ല െന്ന് നേരത്തെത്തന്നെ ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്. 

അൽ ജസീറ പൂട്ടുക, ഖത്തറിലെ തുർക്കി സൈനികത്താവളം നിർത്തുക, ഇറാനുമായുള്ള  ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ ഉപാധികളായിരുന്നു നേരത്തെ സൗദി സഖ്യം മുന്നോട്ടുവെച്ചത്. രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്നതും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതുമായ ഉപാധികൾ നടപ്പാക്കാൻ കഴിയാത്തതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഖത്തർ മറുപടിയും നൽകിയിരുന്നു. 

അതേസമയം ഉപാധികൾ ഖത്തറിന് നൽകാനായി പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് കൈമാറിയോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ജൂലൈ അഞ്ചിന് കെയ്റോയിൽ നടന്ന യോഗത്തിൽ പുതിയ ഉപാധികൾ സൗദി സഖ്യത്തിലെ വിദേശകാര്യമന്ത്രിമാർ അംഗീകരിച്ചതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പുതിയ ഉപാധികൾ ഖത്തറിന് അനായാസം അംഗീകരിക്കാൻ കഴിയുന്നവയാണെന്നാണ് സൗദി സ്ഥാനപതിയുടെ വിശദീകരണം. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരായ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടാണ് ആറ്് ഉപാധികളും മുന്നോട്ട് വെച്ചിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed