പാക്കിസ്ഥാനിൽ വിദേശികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് 4,200 പേരുള്ള സുരക്ഷാ വിഭാഗം


ഇസ്‍ലാമാബാദ് : ബലൂചിസ്ഥാനിൽ രണ്ടു ചൈനീസ് പൗരൻമാർ കൊല്ലപ്പെട്ടതിനെച്ചൊല്ലി ഇടഞ്ഞുനിൽക്കുന്ന ചൈനയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി പാക്കിസ്ഥാൻ. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചൈനീസ് പൗരൻമാർ ഉൾപ്പെടെയുള്ള വിദേശികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു പാക്കിസ്ഥാൻ ശ്രമം തുടങ്ങി.

4,200ൽ അധികം പേർ അംഗങ്ങളായ പ്രത്യേക സുരക്ഷാ വിഭാഗത്തിനു പാക്കിസ്ഥാൻ രൂപം നൽകിയതായാണ് വിവരം. ലോകരാജ്യങ്ങളുടെ ശക്തമായ എതിർപ്പിനിടയിലും പാക്കിസ്ഥാനെ ഉറ്റമിത്രമായി പരിഗണിക്കുന്ന രാജ്യമാണു ചൈന. ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി ഉൾപ്പെടെ പാക്കിസ്ഥാനിൽ നടക്കുന്ന ഒട്ടേറെ വികസന പ്രവർത്തികൾക്കു ചൈന പണം മുടക്കുന്നുണ്ട്.

ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ഐഎസ് ഭീകരർ കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയ ചൈനീസ് പൗരന്മാരായ അധ്യാപകരെ പിന്നീടു ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. കൊലപാതകം പദ്ധതിയെ ബാധിക്കില്ലെന്നു ചൈന അറിയിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ ചൈനയ്ക്കുള്ള നീരസം പാക്കിസ്ഥാനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സംഭവത്തിനു പിന്നാലെ അസ്താനയിൽ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പാക്ക് പ്രധാനമന്ത്രി ഷരീഫുമായുള്ള പതിവു കൂടിക്കാഴ്ച പ്രസിഡന്റ് ഷി ചിൻപിങ് ഒഴിവാക്കിയിരുന്നു. ഇതോടെ അപകടം മണത്ത പാക്കിസ്ഥാൻ, ചൈനയെ മയപ്പെടുത്താനുള്ള നീക്കം ആരംഭിക്കുകയായിരുന്നു.

ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ സുരക്ഷയ്ക്കായി മാത്രം 15,000ൽ അധികം സൈനികരെയാണു പാക്കിസ്ഥാൻ നിയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് വിദേശികളുടെ സുരക്ഷയ്ക്കായി പ്രത്യേക സേനാവിഭാഗത്തെ നിയോഗിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed