നൈജീരിയയിൽ 75,000 കുട്ടികൾ മരണത്തിന്റെ വക്കിലെന്ന് യുഎൻ
അബുജ : ബോക്കോഹറാം ഭീഷണി നിലനിൽക്കുന്ന വടക്കുകിഴക്കൻ നൈജീരിയയിൽ 75,000 കുട്ടികൾ മരണത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ. പട്ടിണിയും പോഷകാഹാരകുറവുമാണ് ഈ ദുരിതത്തിനു കാരണം. നൈജീരിയയിലേക്കുള്ള മനുഷ്യകാരുണ്യ സഹായങ്ങൾക്കായുള്ള യുഎൻ സംഘാടകൻ പീറ്റർ ലണ്ട്ബർഗാണ് ഇക്കാര്യം അറിയിച്ചത്.
കടുത്ത ക്ഷാമം കാരണം നൈജീരിയയിൽ 14 ലക്ഷത്തോളം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മതിയായ തുക യുഎന്നിന്റെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു. 2009 മുതലാണ് ബോക്കോഹറാം നൈജീരിയയിൽ ആക്രമണങ്ങൾ നടത്തി തുടങ്ങിയത്. ആക്രമണങ്ങളിൽ ഇതുവരെ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. രണ്ടു ലക്ഷത്തോളം പേർക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു.

