പാകിസ്ഥാന്റെ ത്യാഗങ്ങളെ ലോകം തിരിച്ചറിയണം: ചൈന
ബീജിംഗ് : പാകിസ്ഥാന്റെ വലിയ ത്യാഗങ്ങളെ ലോകം തിരിച്ചറിയണമെന്ന് ചൈന. പാകിസ്ഥാനെ ഭീകരതയുടെ മടിത്തട്ട് എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മറുപടിയായാണ് ചൈനയുടെ പരാമർശം. ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് മോഡി പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
എന്നാൽ ഒരു രാജ്യത്തെയോ മതത്തെയോ ഭീകരതയുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും പാകിസ്ഥാന്റെ വലിയ ത്യാഗങ്ങളെ ലോകം തിരിച്ചറിയണമെന്നും ചൈന പറയുന്നു. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിനിടെ പാകിസ്ഥാന് വലിയ ത്യാഗങ്ങൾ നടത്തേണ്ടിവന്നതായും ഇന്ത്യയും പാകിസ്ഥാനും ഭീകരതയുടെ ഇരകളാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ചുൻയിംഗ്് പറഞ്ഞു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചൈനയുടെ നിലപാട് സുസ്ഥിരമാണ്. ഇതേ നിലപാട് തന്നെയാണ് ഭീകരതയെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നതിനോടുമുള്ളത്. എല്ലാ തരത്തിലുള്ള ഭീകരതയെയും ചൈന എതിർക്കുന്നു. രാജ്യങ്ങൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് എല്ലാ രാജ്യങ്ങളും കൈകോർക്കണം. ഒരു പ്രത്യേക മതവുമായോ പ്രദേശവുമായോ ഭീകരതയെ ബന്ധിപ്പിക്കുന്നതിനെ ചൈന എതിർക്കുന്നു. ഇത് ദീർഘകാലമായുള്ള ചൈനയുടെ നിലപാടാണ്. ചൈനയും പാകിസ്ഥാനും എല്ലാ അർത്ഥത്തിലും സുഹൃത്തുക്കളാണെന്നും അവർ വ്യക്തമാക്കി.

