"മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടില്ല"
ഇസ്ലാമാബാദ് : നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇന്ത്യ പാക് ബന്ധം മെച്ചപ്പെടുത്താനാവില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇന്ത്യയില്‍ മോദി ഭരണം നിലനിര്‍ത്തുന്നിടത്തോളം കാലം ഇരു രാജ്യങ്ങളും തമ്മില്‍ ഗുണപരമായ ബന്ധം നിലനില്‍ക്കുമെന്ന് കരുതുന്നില്ല. ഇന്ത്യയുടെ ധാര്‍ഷ്ട്യത്തെ എല്ലാ കാലത്തും എതിര്‍ക്കുകയായിരുന്നു പാകിസ്ഥാന്‍ ചെയ്തത്. എന്നാല്‍ ഇരു രാജ്യങ്ങളും പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിച്ച് നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, അതിര്‍ത്തിയിലെ വെടിനിര്‍ത്തൽ ലംഘനം, സിന്ധുനദീജല കരാര്‍ പുനപരിശോധിക്കാനുള്ള തീരുമാനം, ബലൂച് വിഷയത്തിലെ ഇടപെടല്‍ എന്നിവയെ അപലപിച്ചു കൊണ്ട് പാക് പാര്‍ലമെന്റില്‍ സംയക്ത പ്രമേയം പാസ്സാക്കിയതായും അസീസ് പറഞ്ഞു.കശ്മീരിലെ ജനങ്ങള്‍ക്കുള്ള പാകിസ്താന്റെ പിന്തുണ തുടരുമെന്നും, 2018 ഓടെ ഇന്ത്യ-പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് ഇന്ത്യന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സാര്‍ക്ക് സമ്മേളനം പാകിസ്താനില്‍ ചേര്‍ന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും സമ്മേളനത്തിലെത്തി നവാസ് ഷെരീഫുമായുള്ള സൗഹൃദം പുനസ്ഥാപിക്കുമെന്നാണ് കരുതുന്നതെന്നും കശ്മീരിലെ പാക് പ്രതിനിധി മുഷാഹിദ് ഹുസ്സൈന്‍ സെയിദ് പ്രത്യാശ പ്രകടിപ്പിച്ചു.

