2011 ലും ഇന്ത്യ സര്‍ജിക്കല്‍ ആക്രമണം നടത്തി: രേഖകള്‍ പുറത്ത്


ഡൽഹി: അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയ വാർത്തയിൽ വാദപ്രതിവാദങ്ങൾ തുടരുമ്പോൾ മുൻപും സൈന്യം ഇത്തരത്തിൽ മിന്നലാക്രമണം നടത്തിയതായി വെളിപ്പെടുത്തൽ. റിട്ടയർ ചെയ്ത മേജർ ജനറൽ എസ്.കെ ചക്രവർത്തി ദ ഹിന്ദു ദിനപത്രത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് കുപ്‌വാരയിലെ 28 ഡിവിഷൻ ആസ്ഥാനമാക്കി ആക്രമണം നടത്തിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇതിനുള്ള തെളിവുകളും പത്രം പുറത്തുവിട്ടു. എന്നാൽ, ഇതേകുറിച്ച് കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.
കുപ്‌വാരയിലെ ഗുഗൽദർ റിഡ്ജിലെ സൈനിക പോസ്റ്റിനു നേർക്ക് പാകിസ്താൻ സൈന്യം നടത്തിയ ആക്രമണത്തിനുള്ള മറുപടിയായാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. 2011 ജൂലൈ 30നായിരുന്നു ആക്രമണം ഉണ്ടായത്. രാജ്പുത്, കുമാവോൺ റെജിമെന്റുകളാണ് പാകിസ്താനി ബോർഡർ ആക്ഷൻ ടീം ആണ് ആക്രമണം നടത്തിയത്. ഹവിൽദാർ ജയ്പാൽ സിംഗ് അധികാരി, ലാൻസ് നായിക് ദേവേന്ദർ സിംഗ് എന്നിവരെ പാക് സൈന്യം തലയറുക്കുകയും ചെയ്തു. മറ്റൊരു സൈനികൻ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.
ഇതിനു പ്രതികാരം ചെയ്യാൻ ഓപ്പറേഷൻ ജിൻജർ എന്ന പേരിൽ ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തു. മൂന്നു പാകിസ്താനി സൈനിക പോസ്റ്റുകൾ തകർക്കാനായിരുന്നു തീരുമാനം. ഒരു പെരുന്നാൾ ദിനത്തിന്റെ തലേദിവസം ആക്രമിച്ച് കീഴടക്കാൻ ഇന്ത്യ പദ്ധതിയും തയ്യാറാക്കി. അന്നേ ദിവസം പാകിസ്താൻ അത്തരത്തിലൊരു ആക്രമണം പ്രതീക്ഷിക്കില്ലെന്നതിനാലാണ് ആ ദിവസം തന്നെ തെരഞ്ഞെടുത്തത്. പൊലീസ് ചൗകി, ഹിഫാസത്, ലാഷ്ഡത് എന്നീ പോസ്റ്റുകൾ ആക്രമിക്കാനും ഇതിൽ പൊലീസ് ചൗകി പോസ്റ്റിൽ കൂടുതൽ നാശനഷ്ടങ്ങൾ വരുത്താനും തീരുമാനിച്ചു.
ഇതനുസരിച്ച് ഓഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് ആക്രമണം നടത്താൻ തെരഞ്ഞെടുത്തത്. ചൊവ്വാഴ്ച ദിവസം തന്നെ തെരഞ്ഞെടുക്കാനും കാരണമുണ്ടായിരുന്നു. പണ്ട് 1999-ൽ കാർഗിൽ യുദ്ധം നടന്നപ്പോൾ ഇന്ത്യ ജയം നേടിയത് ചൊവ്വാഴ്ചയായിരുന്നു. അതുകൊണ്ടാണ് അത്തരത്തിലൊരു തീരുമാനം. പാരാകമാൻഡോകൾ അടക്കം 25 സൈനികരാണ് അന്ന് ആക്രമണത്തിനായി തിരിച്ചു. പുലർച്ചെ 3 മണിയോടെ സംഘം ലോഞ്ച് പാഡിലെത്തി. ഓഗസ്റ്റ് 29നു തന്നെ നിയന്ത്രണരേഖയിലെത്തിയിരുന്ന സംഘം രാത്രി 10 മണി വരെ അവിടെ ഒളിച്ചിരിക്കുകയായിരുന്നു.
തുടർന്നാണ് 3 മണിയോടെ സ്ഥലത്തെത്തിയത്. നിയന്ത്രണരേഖ മറികടന്ന സംഘം 4 മണിയോടെ പൊലീസ് ചൗകി പോസ്റ്റിലെത്തി. പോസ്റ്റിനു ചുറ്റും കുഴിബോംബുകൾ സ്ഥാപിച്ച സൈന്യം ആക്രമണത്തിനു സജ്ജമായി നിലയുറപ്പിച്ചു. രാവിലെ ഏഴുമണിയോടെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ അടക്കം നാലു പാകിസ്താനി സൈനികർ ക്യാംപിലേക്ക് എത്തുന്നത് കണ്ടു. സംഘം സ്ഥലത്തെത്തിയതും ഇന്ത്യൻ സൈന്യം കുഴിബോംബ് സ്‌ഫോടനം നടത്തി. നാലു സൈനികരും കൊല്ലപ്പെട്ടു.
45 മിനിറ്റ് നീണ്ട ആക്രമണത്തിനു ശേഷം ആദ്യത്തെ സംഘം 7.45നു നിയന്ത്രണരേഖ തിരിച്ചുകടന്നു. രണ്ടാംസംഘം പാകിസ്താൻ സൈനികരുടെ തലയുമായി ഉച്ചയ്ക്ക് 2.30ഓടെ തിരിച്ചെത്തി. എട്ട് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഏതാനും എ.കെ 47 തോക്കുകളും രണ്ടു പാക് സൈനികരുടെ തലയും അറുത്തെടുത്താണ് ഇന്ത്യൻ സൈന്യം മടങ്ങിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed