ശബരിമല വെർച്വൽ ക്യൂ ബുക്കിങ് നാളെ മുതൽ; പമ്പയിൽ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ല
ഷീബ വിജയൻ
തിരുവനന്തപുരം: ശബരിമലയിലെ വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് നാളെ രാവിലെ മുതൽ ആരംഭിക്കും. രാവിലെ 10 മണി മുതലാണ് ഭക്തർക്കായി ബുക്കിങ് സൗകര്യം ലഭ്യമാകുന്നത്. www.sabarimalaonline.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. വെർച്വൽ ക്യൂവിന് പുറമെ ഭക്തർക്കായി സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്. പ്രതിദിനം 66,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 14,000 പേർക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദർശനം നടത്താനുള്ള സൗകര്യമുണ്ടാകും. എന്നാൽ ഹൈക്കോടതിയുടെ കർശന നിർദേശമുള്ളതിനാൽ പമ്പയിൽ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നതല്ല.
അതേസമയം വെർച്വൽ ക്യൂ ബുക്കിങ് പൂർണ്ണമായും സൗജന്യമാണ്. തീർഥാടകർക്ക് ആഗ്രഹമുണ്ടെങ്കിൽ പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും ശുചിത്വ പരിപാലനത്തിനായുള്ള ജനറൽ ഫണ്ടിലേക്കും 5 രൂപ മുതൽ തുക സംഭാവനയായി നൽകാം. എന്നാൽ ഈ സംഭാവന നൽകൽ നിർബന്ധമല്ലെന്നും പൂർണ്ണമായും സന്നദ്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
adsdsdsds

