കറന്റ്, വെള്ളം ബില്ലുകളിലെ അപാകത: അതോറിറ്റിക്കെതിരെ ബഹ്റൈൻ പാർലമെന്റ് അന്വേഷണം



പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി, ജല ബില്ലുകളിൽ അമിത തുക ഈടാക്കുന്നതായും മീറ്റർ റീഡിങ്ങിലും സബ്സിഡി വിതരണത്തിലും അപാകതകളുണ്ടെന്നുമുള്ള പരാതികളിൽ ശക്തമായ നടപടിയുമായി പാർലമെന്റ്. ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിയുടെ (EWA) പ്രവർത്തനങ്ങളെക്കുറിച്ചും ബില്ലിങ് രീതികളെക്കുറിച്ചും അന്വേഷിക്കാൻ ആറംഗ പാർലമെന്ററി സമിതിയെ ഏകകണ്ഠമായി ചുമതലപ്പെടുത്തി.

എം.പി മഹ്മൂദ് ഫർദാന്റെ അധ്യക്ഷതയിലുള്ള പ്രത്യേക അന്വേഷണ സമിതി പ്രധാനമായും അഞ്ച് കാര്യങ്ങളാണ് പരിശോധിക്കുക. ഡിജിറ്റൽ മീറ്ററുകളുടെ കൃത്യത, താരിഫ് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, സബ്സിഡികൾ അർഹരായ കുടുംബങ്ങളിലേക്ക് സുതാര്യമായി എത്തുന്നുണ്ടോ എന്നീ കാര്യങ്ങൾ സമിതി വിലയിരുത്തും. അത്യാവശ്യ സേവനങ്ങളായ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകളിൽ ഉപഭോക്താക്കൾക്ക് പൂർണ വിശ്വാസ്യത ഉണ്ടായിരിക്കണമെന്ന് സമിതി അധ്യക്ഷൻ മഹ്മൂദ് ഫർദാൻ വ്യക്തമാക്കി.

സമിതിയിൽ എം.പി ഹസൻ ഇബ്രാഹിം വൈസ് ചെയർമാനാകും. എം.പി ഡോ. മുഹമ്മദ് അൽ ഒലൈവി, എം.പി ഡോ. അബ്ദുൽ ഹക്കീം അൽ ഷെനോ, എം.പി മുഹമ്മദ് അൽ ബലൂഷി, എം.പി മുഹമ്മദ് അൽ റിഫായി എന്നിവരാണ് മറ്റ് അംഗങ്ങൾ.

ഡിജിറ്റൽ മീറ്ററുകളുടെ പ്രവർത്തനം, റീഡിങ് പ്രക്രിയ, തെറ്റായ ബില്ലുകൾ തിരുത്തുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയാണ് സമിതി ആദ്യ ഘട്ടത്തിൽ പരിശോധിക്കുക. കൂടാതെ, 2025 ലെ 2-ാം നമ്പർ മന്ത്രിതല തീരുമാനപ്രകാരവും 2026 ലെ 1-ാം നമ്പർ ഭേദഗതി പ്രകാരവും നടപ്പിലാക്കിയ താരിഫ് മാറ്റങ്ങൾ കുടുംബങ്ങളുടെ സാമ്പത്തിക നിലയെ എങ്ങനെ ബാധിച്ചുവെന്നും സമിതി വിലയിരുത്തും. കൂട്ടുകുടുംബങ്ങൾക്ക് സബ്സിഡി നൽകുന്നതിലെ തടസ്സങ്ങളും സമിതിയുടെ പ്രത്യേക ശ്രദ്ധയിൽപ്പെടും.

പ്രവർത്തനങ്ങളിലെ വീഴ്ചകൾ കണ്ടെത്തി ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് സമിതി വ്യക്തമാക്കി. അതേസമയം, പാർലമെന്റ് സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ ഹമദ് രാജാവ് നടത്തിയ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിയുള്ള മറുപടി തയ്യാറാക്കുന്നതിനായി 10 എം.പിമാരെയും യോഗത്തിൽ തിരഞ്ഞെടുത്തു.

#BahrainNews #EWABahrain #BahrainParliament #4PMNews

article-image

dfsdfsfdfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed