വയോധികനായ രോഗിയുടെ പണം തട്ടിയെടുത്ത കേസ്: ഇന്ത്യൻ ഹോം നഴ്സിന്റെ അഞ്ചുവർഷ തടവ് ശിക്ഷ ബഹ്റൈൻ കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര
മനാമ: കിടപ്പിലായ ബഹ്‌റൈനി വയോധികന്റെ ഓൺലൈൻ ബാങ്കിംഗ് ആപ്പ് വഴി 25,700 ബഹ്‌റൈൻ ദീനാർ (ഏകദേശം 57 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) തട്ടിയെടുത്ത കേസിൽ 30 കാരിയായ ഇന്ത്യൻ ഹോം നഴ്സിന്റെ അഞ്ചുവർഷത്തെ തടവുശിക്ഷ സുപ്രീം ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. സമാനമായ കേസിൽ ഇവർക്ക് നേരത്തെ ലഭിച്ച 10 വർഷത്തെ തടവുശിക്ഷയും കോടതി ശരിവെച്ചിരുന്നു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടുണ്ട്.
തടവുശിക്ഷയ്ക്ക് പുറമേ ഒരു ലക്ഷം ദീനാർ പിഴയും, തട്ടിയെടുത്ത തുകയിൽ ബാക്കിയുള്ള 22,250 ദീനാർ പ്രതിയുടെ സ്വത്തുക്കളിൽ നിന്ന് ഈടാക്കി നൽകാനും കോടതി നിർദ്ദേശിച്ചു. രണ്ട് വിചാരണകളിലുമായി ആകെ 1,27,250 ദീനാറിന്റെ സാമ്പത്തിക പിഴയാണ് പ്രതി നേരിടുന്നത്. 79 വയസ്സുള്ള ഭിന്നശേഷിക്കാരനായ രോഗിയുടെ ഫോൺ ഉപയോഗിച്ച് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയും, ഈ പണം നാട്ടിലേക്ക് കടത്തുകയും ചെയ്തെന്നാണ് കേസ്.
ഇന്ത്യയിലുള്ള കടങ്ങൾ വീട്ടുന്നതിനായി രോഗിയുടെ അക്കൗണ്ടിൽ നിന്ന് 22,051 ദീനാർ പ്രതി നാല് ഘട്ടങ്ങളിലായി ഭർത്താവിന്റെ അക്കൗണ്ടിലേക്ക് അയച്ചു. ബാക്കി തുക ആഭരണങ്ങൾ വാങ്ങാനും സാമ്പത്തിക ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലും ഭക്ഷണത്തിനുമായി ചെലവഴിക്കുകയും ചെയ്തു. 2025 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ രോഗിയുടെ 49 വയസ്സുള്ള മകൻ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വൻ തുക പിൻവലിച്ച വിവരം ശ്രദ്ധയിൽപ്പെട്ടത്.
ശ്വാസകോശ ശസ്ത്രക്രിയ കഴിഞ്ഞ് സംസാരിക്കാനും അനങ്ങാനും കഴിയാത്ത അവസ്ഥയിലായിരുന്ന രോഗിയെ പരിചരിക്കാൻ പ്രതിമാസം 300 ദീനാർ ശമ്പളത്തിലാണ് നഴ്സിനെ നിയമിച്ചിരുന്നത്. രോഗിയുടെ ശാരീരികാവസ്ഥ മുതലെടുത്ത് OTP ഉപയോഗിച്ചാണ് പണം തട്ടിയത്. തട്ടിയെടുത്ത തുകയിൽ 3,500 ദീനാർ മാത്രമാണ് തിരികെ നൽകാൻ സാധിച്ചതിനെ തുടർന്നാണ് കുടുംബം പോലീസിനെ സമീപിച്ചത്.
#BahrainNews #BahrainCourt #CrimeNews #4PMNews
മേേേേോ

