ലോക രാജ്യങ്ങള്‍ ഇറാനുമേലുള്ള ഉപരോധം നീക്കി : എണ്ണവില വീണ്ടും കുറഞ്ഞേക്കും

വിയന്ന: ലോകരാജ്യങ്ങള്‍ ആണവക്കരാറുമായി ബന്ധപ്പെട്ട് ഇറാനുമേല്‍ ചുമത്തിയിരുന്ന ഉപരോധം നീക്കി. കരാര്‍ സംബന്ധിച്ച് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇറാന്‍ പാലിച്ചതിനാലാണിത്. ടെഹ്റാന്‍, വാഷിംഗ്ടണ്‍ എന്നിവ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതോടെ യൂറോപ്യന്‍ യൂണിയനും പിന്തുണക്കുകയായിരുന്നു.
റഷ്യ നേരത്തേതന്നെ ഇറാനുമേലുള്ള ഉപരോധം പിന്‍വലിച്ചിരുന്നു. ചരിത്രദിവസമാണെന്നും തിളക്കമാര്‍ന്ന നേട്ടമെന്നുമാണ് ഉപരോധം നീക്കിയതിനെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി വിശേഷിപ്പിച്ചത്. കരാര്‍ നിലവില്‍ വന്നെങ്കിലും ഇറാന് യഥേഷ്ടം ആണവായുധങ്ങള്‍ നിര്‍മിക്കാനാകില്ല. അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഇറാനുമേലുള്ള ഉപരോധം പിന്‍വലിക്കാമെന്നായിരുന്നു നേരത്തേയുള്ള അമേരിക്കന്‍ നിലപാട്. ഉപരോധം പിന്‍വലിക്കുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ ഇറാനില്‍നിന്നുള്ള എണ്ണ ഒഴുക്ക് വര്‍ദ്ധിക്കും. അതോടെ എണ്ണവില വീണ്ടും ഇടിയും. ഇന്ത്യക്കും ഇതിന്റെ ഗുണം ലഭിക്കും. ഇന്ത്യന്‍ വിലപണിയാണ് ഇറാന്‍ ലക്ഷ്യംവയ്ക്കുന്നത്. ഏഷ്യയിലെ അതിവേഗം വളരുന്ന എണ്ണവിപണിയാണ് ഇന്ത്യയുടേത് എന്നതാണ് കാരണം. നിലവില്‍ 2,60,000 വീപ്പ എണ്ണയാണ് ഇറാന്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ഇതു പ്രതിദിനം 4,60,000 വീപ്പ ആക്കുകയാണ് ലക്ഷ്യം. അതോടെ വീണ്ടും എണ്ണവില കുറഞ്ഞേക്കും.