നാൽപ്പതു വയസ്സു കടന്ന സ്ത്രീകൾ അറിയാൻ.....


പുരുഷന്മാരെ അപേക്ഷിച്ച് നാൽപത് പിന്നിടുന്പോൾ സ്ത്രീകളിൽ പല മാറ്റങ്ങളും ഉണ്ടാകാം. മൂഡ് മാറ്റങ്ങൾ, ശരീരത്തിന് അമിത ഭാരമുണ്ടാകൽ തുടങ്ങിയ പലതും ഉണ്ടാകാം. ഈ പ്രായം പിന്നിടുന്പോൾ സ്ത്രീകളുടെ മെറ്റബോളിസം നിരക്ക് (ശരീരം ഭക്ഷണത്തെ ദഹിപ്പിച്ച് ഊർജമാക്കുന്ന സംവിധാനം) കുറയും. ഇതോടെ ശരീരത്തിന്റെ മസിൽ മാസ് പതുക്കെ കുറയാൻ തുടങ്ങും. ആർത്തവ വിരാമം കൂടിയെത്തുന്നതോടെ സ്ത്രീകളിൽ ആരോഗ്യപ്രശ്നങ്ങൾ വീണ്ടും ഉടലെടുക്കും. ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണവും കൃത്യമായ വ്യായാമവും വഴി ഇത്തരം പ്രശ്നങ്ങൾ അകറ്റി ആരോഗ്യം മെച്ചപ്പെടുത്താനാകും. പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഓറഞ്ച്, മുന്തിരി, ലെമൺ എന്നിവയൊക്കെയാണ് സിട്രസ് പഴങ്ങളുടെ ഗണത്തിൽ പെടുന്നത്. ഇവയിൽ ആന്റിഓക്സിഡന്റുകൾ, നാരുകൾ, വിറ്റാമിന് സി, മസ്തിഷ്ക ആരോഗ്യത്തെ വർദ്ധിപ്പിക്കുന്ന മറ്റ് പോഷകങ്ങൾ, ഭാരം കൂടാതെ നോക്കുന്ന പോഷകങ്ങൾ, ചർമത്തെയും ഹൃദയത്തെയും സംരക്ഷിക്കുന്ന പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. വിറ്റാമിന് ഡി, അയേൺ എന്നിവയാൽ സന്പുഷ്ടമാണ് മുട്ട. ഇവ രണ്ടും പൊതുവേ സ്ത്രീകളിൽ കുറവായാണ് കാണാറുള്ളത്. പ്രോട്ടീന്റെ വലിയൊരു സ്രോതസ്സും കൂടിയാണ് മുട്ട. ഇത് ആർത്തവ വിരാമസമയത്തെ സ്ത്രീകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. കൊളസ്ട്രോൾ നില കുറയാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും അമിതവണ്ണം കുറയ്ക്കാനുമൊക്കെ ഇത് ആവശ്യമാണ്. കാർബോഹൈഡ്രേറ്റും ഷുഗറും ഇല്ലാത്തതും മിതമായ രീതിയിൽ കൊഴുപ്പും ഉയർന്ന പ്രോട്ടീനും അടങ്ങിയതുമായ മുട്ട സ്ത്രീകളുടെ ആരോഗ്യത്തിന് വളരെ ആവശ്യമാണ്.

ആരോഗ്യകരമായ കൊഴുപ്പ് മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിന് വളരെ നല്ലതാണ്. ഇത് മസ്തിഷ്കം, ഹൃദയം തുടങ്ങിയവയുടെ ആരോഗ്യത്തിന് ഗുണകരമാണ്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ആമാശയം ദീർഘനേരത്തേക്ക് നിറഞ്ഞ പ്രതീതി നൽകും. മത്തി പോലുള്ള മത്സ്യങ്ങളിൽ കാണുന്ന ഒമേഗ 3 ഫാറ്റി ആസിഡിന് ആർത്തവ വിരാമത്തെത്തുടർന്ന് ഉണ്ടാകുന്ന ലക്ഷണങ്ങളായ ശരീരം ചുട്ടുപൊള്ളുന്നതു പോലുള്ള അവസ്ഥ, രാത്രിയിൽ വിയർക്കൽ തുടങ്ങിയ ലക്ഷണങ്ങളെ കുറയ്ക്കാനുള്ള കഴിവുണ്ട്. അമിതഭാരം കുറയ്ക്കാൻ നട്സ് സഹായിക്കുന്നു. ഇവയിൽ വലിയ തോതിൽ നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ്, ഉയർന്ന അളവിൽ പ്രോട്ടീന് എന്നിവ അടങ്ങിയിരിക്കുന്നു. ഇവയും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താന് സഹായിക്കുന്നു. സ്പൈസിയായതും എരിവ് കൂടിയതും ഫ്രൈ ചെയ്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed