വളന്റിയർക്ക് പാർശ്വഫലമെന്ന് സംശയം; ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവെച്ചു

ന്യൂഡൽഹി: വാക്സിൻ കുത്തിവെച്ച വളന്റിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടർന്ന് ഓക്സ്ഫോർഡ്-അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. ഇത് കോവിഡ് -19 നെതിരായി രോഗപ്രതിരോധ വാക്സിേഷൻ വേഗത്തിലാക്കാനുള്ള ശ്രമങ്ങളിൽ കാലതാമസം വരുത്തുകയോ അല്ലെങ്കിൽ തകിടം മറിയ്ക്കുകയോ ചെയ്തേക്കും. വാക്സിൻ പരീക്ഷണം നിർത്തിവച്ച കാര്യം അസ്ട്രസെനെക വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
ഒരാൾക്ക് അജ്ഞാതമായ രോഗം വന്നതിനെ തുടർന്ന് കമ്പനിയുടെ വാക്സിൻ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തിയതെന്ന് ആസ്ട്രാസെനെക പ്രസ്താവനയിൽ പറഞ്ഞു. പരീക്ഷണങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനിടയിൽ സുരക്ഷാ ഡാറ്റ പരിശോധിക്കാൻ ഗവേഷകർക്ക് സമയം നൽകാനാണ് ഈ നീക്കമെന്ന് കമ്പനി അറിയിച്ചു.
മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാല്‍ കേസിന്റെ സ്വഭാവമോ എപ്പോള്‍ സംഭവിച്ചുവെന്നോ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഇയാള്‍ വേഗത്തില്‍ സുഖംപ്രാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർക്കൊപ്പം അസ്ട്രസെനെക്ക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിൻ വിപണിയിലെത്തുന്ന മുൻനിര വാക്സിനുകളിൽ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്. പുതിയ സംഭവവികാസം നിക്ഷേപകരെ ഞെട്ടിച്ചിരിക്കുകയാണ്. വാർത്ത പുറത്തു വന്നതോടെ അസ്ട്രസെനേകയുടെ ഓഹരികളിൽ ഇടിവ് ഉണ്ടായി. ന്യൂയോർക്കിലെ ട്രേഡിംഗിൽ, ആസ്ട്രാസെനെകയുടെ ഓഹരികൾ 8.3 ശതമാനമായി ഇടിഞ്ഞു. മോഡേണ ഇൻകോർപ്പറേറ്റും ബയോടെക് എസ്ഇയും ഓഹരികൾ ഉയർന്നു. മൂന്ന് കമ്പനികളും വാക്സിൻ നിർമാണത്തിലെ മുൻനിരക്കാരാണ്.
യുഎസും മറ്റ് സർക്കാരുകളും വേഗത്തിൽ വാക്സിൻ വികസിപ്പിക്കുന്നതിന് കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. വൈറസ് ആദ്യമായി കണ്ടെത്തി ഒരു വർഷത്തിനുള്ളിൽ രണ്ട് ഡസനിലധികം വാക്സിനുകൾ ഇപ്പോൾ സന്നദ്ധപ്രവർത്തകരിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പതിനൊന്ന് വാക്സിനുകൾ അവസാനഘട്ട പരീക്ഷണങ്ങളിലാണ്.
അതേസമയം, പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനെക അറിയിച്ചു. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തിൽ പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു. ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റ‌്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിരുന്നു. ജൂലൈ 20-നാണ് ഓക്സ്ഫഡ് സര്‍വകലാശാല കോവിഡ് 19 വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 2021 ജനുവരിയോടെ വാക്‌സിന്‍ വിപണിയില്‍ എത്തുമെന്നായിരുന്നു വിലയിരുത്തല്‍. ഇത് രണ്ടാം തവണയാണ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെയ്ക്കുന്നത്.