ആയുർവേദവും യോഗയും കോവിഡിനെ പ്രതിരോധിക്കുമെന്ന് പഠനം


ആയുർവേദവും യോഗയും കോവിഡ് മഹാമാരിയെ പ്രതിരോധിക്കുമെന്ന് യുഎസ് ഗവേഷകർ. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവഡ് സർവകലാശാല, യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ -സാൻഡിഗോ ആൻഡ് ചോപ്ര ലൈബ്രറി എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്ന് നടത്തിയ സംയോജിത പഠനത്തിലാണ് യോഗയും ധ്യാനവും കോവിഡ് ചികിത്സയ്ക്ക് ഗുണകരമാണെന്നു കണ്ടത്. യോഗയുടെയും ധ്യാനത്തിന്റെയും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ കൊറോണ വൈറസ് ചികിത്സയ്ക്കു സഹായിക്കുമെന്ന് ആൾട്ടർനേറ്റീവ് ആൻഡ് കോംപ്ലിമെന്ററി മെഡിസിൻ (JACM) ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വിശദീകരിക്കുന്നു. പൗരാണിക ചികിത്സാ സമ്പ്രദായങ്ങൾക്ക് ഈ ആരോഗ്യ പ്രതിസന്ധിയെ പ്രതിരോധിക്കാൻ സാധിക്കുമോ എന്നു ഗവേഷകർ മഹാമാരിയുടെ തുടക്കത്തിൽതന്നെ കണ്ടെത്താൻ ശ്രമിച്ചിരുന്നു. യോഗ, ധ്യാനം, പ്രാണായാമം ഇവ ശ്വസന നിയന്ത്രണത്തിൽ ശ്രദ്ധിക്കുന്നതാകയാൽ വിഷാദം തടയാൻ സഹായിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നത് കൂടാതെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ വീക്കം (inflammation) കുറയ്ക്കാനും ഈ ചികിത്സാ രീതികൾ സഹായിക്കുന്നു. ശക്തമായ പ്രതിരോധ സംവിധാനം ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. ഇത് രോഗാണുക്കളെ പ്രതിരോധിച്ച് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും. ഒന്നര മണിക്കൂർ നേരത്തെ യോഗാഭ്യാസം, ശ്വസന കോശങ്ങളിലെ രണ്ടു പ്രധാന ആന്റി മൈക്രോബിയൽ പെപ്ട്ടൈഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയും രോഗ പ്രതിരോധ സംവിധാനവും തമ്മിലുള്ള ഇടപെടൽ മെച്ചപ്പെടുത്താനും യോഗയും ധ്യാനവും സഹായിക്കും.

യോഗ, ധ്യാനം ഇവ മെലാടോണിനെ ഉത്തേജിപ്പിക്കുന്നതായി കണ്ടു. സാർസ് കോവ് 2ന്റെ ചികിത്സയ്ക്ക് ഇത് പ്രയോജനകരമാവും. ശ്വാസകോശത്തിനുണ്ടാകുന്ന ക്ഷതത്തിനെതിരെ സംരക്ഷണമേകാൻ മെലാടോണിന് കഴിയും. സ്‌ട്രെസും ഇൻഫ്ളമേഷനും കുറയ്ക്കാൻ യോഗയ്ക്കും ധ്യാനത്തിനും കഴിയുമെന്നും പഠനത്തിൽ കണ്ടു.

കോവിഡ് 19 സുഖപ്പെടുത്താൻ ആയുർവേദത്തിനാകുമെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ആയുർവേദ മരുന്നുകൾ മാത്രം ഉപയോഗിച്ച ഒരു രോഗിക്ക് വളരെ വേഗം സുഖമായി എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ആയുർവേദത്തിന്റെ ഫലപ്രാപ്തി അറിയാൻ നിരവധി പഠനങ്ങളാണ് നടക്കുന്നത്. അമുക്കുരം (Aswagandha) ആരോഗ്യ പ്രവർത്തകർക്കു നൽകുന്നത് സംബന്ധിച്ച പഠനങ്ങൾ ബനാറസ് ഹിന്ദു സർവകലാശാല യിൽ നടക്കുന്നു. മറ്റൊരു ആയുർവേദ മരുന്നായ ഇരട്ടിമധുരം, അത്ര ഗുരുതരമല്ലാത്ത ലക്ഷണങ്ങൾ ഉള്ള കോവിഡ് രോഗികളിൽ അലോപ്പതി മരുന്നുകളോടൊപ്പം നൽകാമോ എന്നതിനെ കുറിച്ചും പഠനങ്ങൾ നടക്കുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed