നിയന്ത്രണങ്ങൾ പിൻവലിച്ചു; കൂടുതൽ സിനിമകൾ തീയറ്ററുകളിലേക്ക്


നിയന്ത്രണങ്ങൾ നീക്കി സംസ്ഥാനത്തെ തീയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിച്ചതോടെ മലയാള സിനിമയിൽ‍ പുത്തനുണർ‍വ്. മമ്മൂട്ടി− അമൽ‍ നീരദ് ചിത്രം ഭീഷ്മപർ‍വം മാർ‍ച്ച് മൂന്നിന് തീയറ്ററുകളിൽ എത്തും. ബിഗ് ബി എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മപർവം. 14 വർ‍ഷത്തിനു ശേഷം മമ്മൂട്ടിയും അമൽ‍ നീരദും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇതിനുശേഷം തീയറ്ററുകൾ‍ പൂരപറമ്പാക്കാൻ നേരത്തെ ഒടിടിയിലേക്ക് പോകുമെന്ന് അറിയിച്ച മോഹന്‍ലാൽ‍−വൈശാഖ് ചിത്രം മോൺസ്റ്ററും തീയറ്ററുകളിൽ എത്തുമെന്നാണ് അറിയുന്നത്. മാർ‍ച്ച് 18−ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർ‍ട്ട്. ഇതോടെ കോവിഡ് മൂലം നിശ്ചലമായ സംസ്ഥാനത്തെ തീയറ്ററുകൾ വീണ്ടും പൂരപ്പറമ്പുകളാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

ഊഴം കാത്തുനിൽ‍ക്കുന്ന മറ്റു മലയാള സിനിമകളും എത്രയും പെട്ടെന്ന് തീയറ്ററുകളിലേക്ക് എത്താനുള്ള സാധ്യതയും ഏറി. മമ്മൂട്ടി നായകനാകുന്ന പുഴു, സിബിഐ ദി ബ്രെയിൻ‍, നിവിൻ പോളി ചിത്രം തുറമുഖം, മോഹൻലാൽ‍ സംവിധായകനാകുന്ന ബറോസ് എന്നീ ചിത്രങ്ങൾ‍ അണിയറയിൽ‍ ഒരുങ്ങുന്നുണ്ട്.

ഇതിനു പുറമേ രാജമൗലിയുടെ ആർ‍ആർ‍ആർ‍ എന്ന ചിത്രവും ധനുഷ് നായകനായ മാരൻ എന്ന ചിത്രവും മാർ‍ച്ചിൽ‍ റിലീസിനെത്തും. എന്തായാലും ഫാൻസ്‌ ഷോകൾ‍ ഉൾ‍പ്പെടെ നടത്തി പ്രതാപകാലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ തീയറ്ററുകൾ. നിലവിൽ‍ ഹൃദയം, ആറാട്ട് എന്നീ ചിത്രങ്ങൾ‍ തരക്കേടിലാത്ത കളക്ഷൻ നേടിയിട്ടുണ്ട്. 50 ശതമാനം പേരെ മാത്രം തീയറ്ററിൽ‍ പ്രവേശിപ്പിക്കുന്ന സമയത്തായിരുന്നു രണ്ട് ചിത്രങ്ങളും റിലീസ് ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed