പൃഥ്വിരാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി ചിത്രം വരുന്നു
കൊച്ചി: മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു മലയാള സിനിമാ പ്രേക്ഷകർ. ഇപ്പോഴിതാ ആ സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുരളി ഗോപി. ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഏറെ നാളായി തങ്ങളുടെ മനസ്സിൽ ഉണ്ടെന്നും അത് ഉറപ്പായും സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രം മെഗാ സ്റ്റാറിനുള്ള ട്രിബ്യൂട്ട് ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി പ്രോജക്ടുകളാണ് മുരളി ഗോപിയുടേതായി ഒരുങ്ങുന്നത്. പൃഥ്വിരാജ് നായകനാകുന്ന രതീഷ് അന്പാട്ട് ചിത്രം തീർപ്പിന്റെ തിരക്കഥ മുരളിയുടേതാണ്. അതിനുശേഷം മോഹൻലാൽ− പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എന്പുരാൻ, ഫ്രൈഡേ ഫിലിംസിന്റെ മമ്മൂട്ടി ചിത്രം തുടങ്ങിയവയ്ക്കും മുരളിയാണ് തിരക്കഥ തയ്യാറാക്കുന്നത്. ഇതിനെല്ലാം ശേഷം മാത്രമേ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടാവുകയുള്ളു.
മമ്മൂട്ടി നായകനായെത്തിയ വണ്ണാണ് മുരളി ഗോപിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. പ്രതിപക്ഷ നേതാവ് മാറന്പള്ളി ജയാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

