നയൻതാരയും ചാക്കോച്ചനും ആദ്യമായി ഒന്നിക്കുന്ന ‘നിഴൽ’ റിലീസ് തീയതി പുറത്തുവിട്ടു
കൊച്ചി: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴൽ’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 4ന് ഈസ്റ്റർ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഒരു ടേബിളിന് ഇരുവശവും വിഷമത്തോടെ ഇരിക്കുന്ന നയൻതാരയും കുഞ്ചാക്കോ ബോബനുമാണ് പോസ്റ്ററിലുള്ളത്.
രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എൻ. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ആന്റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവ് ആണ്. മാസ്റ്റർ ഇസിൻ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂർ, ഡോ. റോണി, അനീഷ് ഗോപാൽ, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദീപക് ഡി മേനോൻ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും ഒരുക്കുന്നു.

