ഒന്നാം നിലയിൽ നിന്ന് തലകറങ്ങി താഴേക്ക് വീണ ആളുടെ രക്ഷകനായ ബാബുരാജിന് ജോലി നൽകി ഊരാളുങ്കൽ
വടകര: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയിൽ നിന്നു തലകറങ്ങി താഴേക്കു വീണ ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് ഊരാളുങ്കൽ സൊസൈറ്റിയിൽ ജോലി നൽകും. വടകര കീഴൽ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക. ചെങ്കൽ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബാബുരാജിന് ചെയർമാൻ ഉപഹാരവും നൽകി.
കഴിഞ്ഞ 18നായിരുന്നു സംഭവം. ബാങ്കിന് പുറത്ത് അരമതിലിൽ ചാരി നിൽക്കവെ പൊടുന്നനെ തലകറങ്ങി താഴേയ്ക്ക് വീണ ബിനു എന്ന ആളെ സമീപത്ത് നിൽക്കകയായിരുന്ന ബാബുരാജ് രക്ഷിച്ചത്. കെട്ടിടത്തിന് താഴെ വൈദ്യുതകന്പി ഉൾപ്പെടെയുണ്ടായിരുന്നു. എന്നാൽ കൃത്യസമയത്ത് ബാബുവിന്റെ സമീപനം ബിനുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കാരണമായി. തലകറങ്ങി കൈവരിയും കടന്ന് പിറകിലോട്ട് വീഴുന്നത് കണ്ട ബാബു പെട്ടെന്ന് ബിനുവിന്റെ കാലിന്മേൽ കയറി പിടിക്കുകയും , ആത്മസാന്നിധ്യം കൈവിടാതെ മറ്റുള്ളവരുടെ സഹായം തേടുകയും ചെയ്തു.
അപ്പോഴേക്കും ബാങ്കിൽ എത്തിയവരും ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും ഓടിയെത്തി ബിനുവിനെ പിടിച്ച് ഉയർത്തി വരാന്തയിൽ കിടത്തി. ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ബിനുവിനെ വീട്ടിലേക്ക് വിട്ടു. നിർമ്മാണ തൊഴിലാളിയാണ് രക്ഷപ്പെടുത്തിയ ബാബുരാജ്. തക്ക സമയത്ത് ഒരാളെ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ബാബുരാജ്. ബിനു വീഴുന്നതിന്റെയും ബാബുരാജ് രക്ഷിക്കുന്നതിന്റെയും സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി.

