വൈറൽ ഗായിക റെനു മണ്ധേലിന് എന്തു സംഭവിച്ചു

സോഷ്യൽ മീഡിയയിലെ താരമായി കഴിഞ്ഞവർഷം തിളങ്ങിയ ഗായികയായിരുന്നു റെനു മണ്ധേൽ. റെയിൽവേ േസ്റ്റഷനിലിരുന്ന് പാടിയ അവരുടെ പാട്ട് ഒരാൾ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് ഗായികയുടെ ജീവിതം മാറിമറിഞ്ഞത്. വളരെ പെട്ടെന്നാണ് റെനു മണ്ധേൽ എന്ന തെരുവ് ഗായിക ദേശീയ ശ്രദ്ധയാകർഷിച്ചത്. ഗായികയുടെ അതിവേഗമുളള വളർച്ച കണ്ട് പലരും അതിശയപ്പെട്ടിരുന്നു. ബോളിവുഡ് സിനിമകളിൽ വരെ പാടിയ ഗായിക മിക്ക ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിലും അതിഥിയായും പങ്കെടുത്തിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ ഹിമേഷ് രേഷ്മിയയാണ് റെനു മണ്ധേലിന് ആദ്യമായി അവസരം നൽകിയത്. ഹിമേഷിന്റെ സംഗീതത്തിൽ ഗായിക പാടിയ ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലതാ മങ്കേഷ്‌കറുടെ ഏക് പ്യാർ കാ നഗ്മ ഹായ്... എന്ന ഗാനമായിരുന്നു റെയിൽവേ േസ്റ്റഷനിൽ നിന്നും റെനു പാടിയിരുന്നത്. ഇത് തരംഗമായതോടെയാണ് സംഗീത സംവിധായകൻ ഹിമേഷ് രേഷ്മിയ സിനിമയിൽ പാടാൻ അവസരം നൽകിയത്. ആഷികി മെൻ തേരി എന്ന് തുടങ്ങുന്ന റെനു മണ്ധേലിന്റെ പാട്ടിന് വലിയ പിന്തുണയായിരുന്നു ലഭിച്ചത്. ഇതിനിടെ മലയാളത്തിലും ഒരു ടെലിവിഷന്‍ ഷോ യിൽ പങ്കെടുക്കാൻ അവർ എത്തിയിരുന്നു.
ലതാ മങ്കേഷ്‌കറുമായുളള ശബ്ദ സാമ്യതയാണ് റാണു മണ്ധേൽ പെട്ടെന്ന് വാർത്തകളിൽ നിറയാൻ കാരണമായത്. അതേസമയം സോഷ്യൽ മീഡിയ വഴി ജീവിതം പച്ചപിടിച്ച റെനു മണ്ധേലിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് പുതിയ റിപ്പോർട്ടുകൾ വന്നിരുന്നു. പ്രശസ്തിയും അവസരങ്ങളും കുറഞ്ഞതോടെ അവർ സാന്പത്തികമായി ബുദ്ധിമുട്ടുകയാണ് ഇപ്പോഴെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രശസ്തയായതിന് പിന്നാലെ പഴയവീട് ഉപേക്ഷിച്ച് കൂടുതൽ സൗകര്യമുളള പുതിയ വീട്ടിലേക്ക് അവർ മാറിയിരുന്നു. എന്നാൽ ലോക്ഡൗൺ സമയത്ത് റെനു പഴയ വീടിലേക്ക് തന്നെ മടങ്ങിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സാന്പത്തിക പ്രശ്‌നത്തിലായ റെനു മണ്ധേലിന്റെ ജീവിതം ഇപ്പോൾ ദയനീയാവസ്ഥയിലാണെന്നും അറിയുന്നു. മുന്‍പ് ചില വിവാദങ്ങളിലും നിറഞ്ഞുനിന്ന ഗായികയായിരുന്നു റെനു മണ്ധേൽ. സെൽഫി എടുക്കാനായി എത്തിയ ആരാധികയോടുളള പെരുമാറ്റമാണ് ഇവർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉണ്ടാവാൻ കാരണമായത്. കൂടാതെ മേക്കപ്പ് കൂടുതലായതിനും നിരവധി ട്രോളുകൾ നേരിട്ട ഗായികയാണ് അവർ. റെനു മണ്ധേൽ സാന്പത്തികം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും അവരുടെ മേക്കപ്പുമെല്ലാം മുന്‍പ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 2019 നവംബറിലാണ് ഹിമേഷ് രെഷ്മിയ ഇവരെ കൊണ്ട് മൂന്ന് ഗാനങ്ങൾ പാടിച്ചത്. തുടർന്ന് രെനുവിന്റെതായി അധികം പാട്ടുകളൊന്നും പുറത്തിറങ്ങിയിരുന്നില്ല.