ബിനീഷിനുണ്ടായ അനുഭവം തനിക്കുമുണ്ടായിട്ടുണ്ട്'; വെളിപ്പെടുത്തലുമായി ഡോ.ബിജു


കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അധിക്ഷേപിച്ചുവെന്ന സംഭവത്തില്‍ വലിയ വിവദമാണ് ഉടലെടുത്തിരിക്കുന്നത്. ബിനീഷിനെ പിന്തുണച്ചും അനില്‍ രാധാകൃഷ്ണ മേനോനെ വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ബിനീഷ് ബാസ്റ്റിനുണ്ടായ ഇതേ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഡോ. ബിജു.


ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അല്‍പ്പം വ്യക്തിപരം കൂടിയാണ് എന്ന് ആദ്യമേ പറയട്ടെ..ക്ഷമിക്കുക...ഈ അവസരത്തില്‍ പ്രസക്തമാണ് എന്നു തോന്നുന്നതിനാല്‍ കുറിയ്ക്കാതെ വയ്യ.

ബിനീഷ് ബാസ്റ്റിന് നേരെ ഉണ്ടായ അപമാനത്തില്‍ സത്യത്തില്‍ എനിക്ക് അത്രമേല്‍ ആശ്ചര്യം ഒന്നും തോന്നുന്നില്ല. കേരളം ജാതി മത വംശീയതകള്‍ ഇല്ലാത്ത, കറുത്ത നിറത്തെ കളിയാക്കാത്ത ,കുറഞ്ഞ തൊഴിലില്‍ (?) ഏര്‍പ്പെടുന്നവരെ പുച്ഛത്തോടെ കാണാത്ത , സാമ്പത്തികമായി ദരിദ്രരായ മനുഷ്യരെ പരിഗണിക്കുന്ന ഒരു പുരോഗമന നവോത്ഥാന നാടാണ് എന്നും വലിയ ഒരു പുരോഗമന സമൂഹം ആണ് നമ്മള്‍ എന്നും ഒക്കെ ഇപ്പോഴും അന്ധമായി വിശ്വസിക്കുന്ന മനുഷ്യന്‍മാര്‍ക്ക് മാത്രമേ ഇതില്‍ പുതുമ തോന്നാന്‍ ഇടയുള്ളൂ. എലൈറ്റിസം അവകാശപ്പെടാനില്ലാത്ത എല്ലാ മനുഷ്യരോടും കേരളീയ സമൂഹത്തിന്റെ ഒരു അടിസ്ഥാന മനോഭാവം ഇത് തന്നെയാണ് എന്നത് ആണ് സത്യം. കലാരംഗത്തു പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയില്‍ ഈ രംഗത്തും അത് ഒട്ടും കുറവല്ല എന്നത് നേരിട്ട് അറിയാവുന്ന ഒരാള്‍ ആണ്. ഒരേ വേദിയില്‍ ഉദ്ഘാടകന്‍ ആയി മലയാളത്തിലെ പ്രമുഖ സംവിധായകന്‍ എത്തുകയും ആ വേദിയില്‍ മുഘ്യ പ്രഭാഷണത്തിനായി ഞാന്‍ ഇരിക്കുമ്പോള്‍ ഞാന്‍ ഒഴികെ മറ്റെല്ലാവരുടെയും പേരെടുത്തു പറഞ്ഞു അദ്ദേഹം അഭിസംബോധന ചെയ്യുകയും ഞാന്‍ പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുന്ന അതേ നിമിഷത്തില്‍ വേദി വിട്ടു പോവുകയും ചെയ്ത അനുഭവം നിരവധി തവണ ഉണ്ടായിട്ടുണ്ട്.

അവാര്‍ഡ് ജൂറിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒപ്പം ജൂറി അംഗമായി മറ്റ് മലയാളികള്‍ ഉണ്ടായിട്ടും അവാര്‍ഡ് കിട്ടാത്ത ആളുകള്‍ മറ്റ് ജൂറി അംഗങ്ങളെ ഒന്നും പറയാതെ എന്നെ മാത്രം ഫോണില്‍ വിളിച്ചു അസഭ്യം പറയുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ ആഢ്യ സിനിമാ നിരൂപകന്മാര്‍ സിനിമയിലെ പുതു സംവിധായകരെ പറ്റി ലേഖനങ്ങള്‍ എഴുതുമ്പോള്‍ ഒരു സിനിമ ചെയ്ത സംവിധായകരെ പോലും ഓര്‍ത്തെഴുത്തുമ്പോള്‍ എല്ലായ്‌പ്പോഴും മുറപോലെ ഒഴിവാക്കപ്പെടുന്ന പേരാകാറുണ്ട് എന്റേത്..ലോകത്തെ പ്രധാനപ്പെട്ട മേളകളില്‍ മത്സരത്തില്‍ ഇടം നേടുമ്പോഴും കേരളത്തിലെ മേളയില്‍ മത്സരത്തില്‍ നിന്നും സൗകര്യപൂര്‍വം ഒഴിവാക്കപ്പെടാറുണ്ട്. 10 സിനിമകളില്‍ നിന്നായി ഒട്ടേറെ ദേശീയ പുരസ്‌കാരവും അന്തര്‍ ദേശീയ പുരസ്‌കാരവും കിട്ടിയപ്പോഴും കേരളത്തില്‍ ഒരു തവണ പോലും സംസ്ഥാന പുരസ്‌കാരം കിട്ടിയിട്ടില്ല...ഇതൊക്കെയും യാദൃശ്ചികം ആണെന്ന് കരുതാന്‍ മാത്രം മൗഢ്യം എനിക്കില്ല..ചില സാമൂഹ്യ സാംസ്‌കാരിക വിഷയങ്ങളില്‍ താര തമ്പുരാക്കന്മാര്‍ക്ക് എതിരെ പ്രതികരിച്ചപ്പോള്‍ ഫാനരന്മാര്‍ മാത്രമല്ല സിനിമാ രംഗത്തെ ചില പ്രധാനികളും ചില മാധ്യമങ്ങളും ഉള്‍പ്പെടെ വംശീയ അധിക്ഷേപം നടത്തിയിട്ടുണ്ട്.....അതുകൊണ്ട് പറഞ്ഞു വന്നത് ഇതാണ് നിങ്ങള്‍ എലൈറ്റ് ക്ലാസ്സില്‍ പെട്ട ആളല്ലെങ്കില്‍ നിങ്ങള്‍ എന്തൊക്കെ നേട്ടങ്ങള്‍ നേടിയാലും നിങ്ങളോടുള്ള അവഗണന ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ് കേരളത്തില്‍...അതിനെ മറികടക്കാന്‍ അവര്‍ക്ക് എത്താന്‍ പറ്റാത്ത ഇടങ്ങളിലേക്ക് നമ്മള്‍ പടര്‍ന്നു കയറി നേട്ടങ്ങള്‍ ഉണ്ടാക്കുക എന്നത് മാത്രമാണ് വഴി.

ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം ഉഷാറായി. എലൈറ്റിസത്തിന് മുഖമടച്ചുള്ള ഒരടി..ആ സംവിധായകനെ പറ്റി കൂടുതല്‍ ഒന്നും പറയാനില്ല. മലയാള പുരോഗമന സമൂഹത്തിന്റെ കാപട്യം ആവോളമുള്ള ഒരു സവര്‍ണ്ണ മേദസ്സ് മാത്രമാണയാള്‍.. ദുഃഖം തോന്നുന്നത് ആ കോളേജിലെ യൂണിയന്‍ ഭാരവാഹികളെ പറ്റിയും ..ആ വേദി ഉപേക്ഷിക്കാന്‍ ആര്‍ജ്ജവം ഇല്ലാതെ പോയ വിദ്യാര്‍ത്ഥികളെപ്പറ്റിയും ആണ്.ഇവരൊക്കെ ഭാവി ഡോക്ടര്‍മാര്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ ചെറുതല്ലാത്ത ആശങ്കയും ഉണ്ട്. ആ പ്രിന്‍സിപ്പലിനെ പറ്റി പുച്ഛം മാത്രം..പ്രിയ ബിനീഷ് ബാസ്റ്റിന്‍ ഈ കേരള പിറവി ദിനത്തില്‍ കേരളത്തിലെ പൊതു സമൂഹത്തിനു മുന്നില്‍ അവര്‍ മനഃപൂര്‍വം ഇല്ലെന്നു നടിച്ചു മേനി പറയുന്ന വംശീയതയുടെ ഒരു പരിച്ഛേദം തുറന്നു കാട്ടിയതിന് നന്ദി....

You might also like

  • Lulu Exchange
  • Straight Forward

Most Viewed