എം.ജെ. രാധാകൃഷ്ണന് ജെ.സി.ഡാനിയേൽ പുരസ്‌കാരം നൽകണമെന്ന് ഡോ. ബിജു


തിരുവനന്തപുരം:  മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത ഛായാഗ്രാഹകൻ ആണ് കഴിഞ്ഞ ദിവസം അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ. അദ്ദേഹത്തിന് മരണാനന്തര ബഹുമതി ആയി ജെ.സി. ഡാനിയേൽ പുരസ്കാരം നൽകണമെന്ന് സംവിധായകൻ ഡോ. ബിജു.പണം കൊണ്ടുണ്ടാക്കുന്ന കൃത്രിമ സാങ്കേതികതയുടെ ആർഭാടം അല്ല സിനിമ മറിച്ചു പ്രതിഭയുടെ ശ്രദ്ധാപൂർണ്ണമായ ഉപയോഗം ആണ് എന്ന് നിശബ്ദമായി സൗമ്യമായി ഒരു കാലഘട്ടത്തിനു മുന്നിൽ തെളിയിച്ചു കൊടുത്ത ജീവിതമായിരുന്നു എം.ജെ. രാധാകൃഷ്ണന്റേതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 
മലയാളത്തിൽ ഇത്രയേറെ സംസ്ഥാന, ദേശീയ , അന്തർ ദേശീയ പ്രസിദ്ധമായ സിനിമകളിൽ ഭാഗമായ മറ്റൊരു സാങ്കേതിക പ്രവർത്തകനും ഇല്ല . ഏഴു സംസ്ഥാന പുരസ്കാരങ്ങൾ ...ആറ് അന്തർ ദേശീയ പുരസ്കാരങ്ങൾ .നൂറിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ , ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങളിൽ പലതും ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ എല്ലാം പ്രദർശിപ്പിച്ചു. പത്തിലേറെ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങൾ , ഇരുപത്തി അഞ്ചിലധികം ചിത്രങ്ങൾക്ക് ഇന്ത്യൻ പനോരമ സെലക്ഷൻ , മലയാള സിനിമയിൽ മുപ്പതിൽപരം പുതുമുഖ സംവിധായകരെ സംഭാവന ചെയ്യുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു . കലാമൂല്യവും സംസ്കാര പൂർണ്ണവുമായ മലയാള സിനിമയുടെ കൊടിക്കൂറ ലോകമെമ്പാടും മൂന്ന് പതിറ്റാണ്ടിലേറെ ഉയർത്തിപ്പിടിച്ചതിൽ എം .ജെ . രാധാകൃഷ്ണൻ എന്ന ഛായാഗ്രാഹകനുള്ള പങ്ക് വളരെ വലുതാണ് . മലയാള സിനിമ മുൻപേ തന്നെ ജെ.സി ഡാനിയേൽ പുരസ്കാരം നൽകി ആദരിക്കേണ്ട വ്യക്തിത്വം ആയിരുന്നുഅദ്ദേഹം. എം .ജെ .രാധാകൃഷ്ണൻ ഏത് നിലയിൽ നോക്കിയാലും ഈ പുരസ്‌കാരത്തിന് അർഹൻ ആണ് . ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് അത് നൽകാൻ സാധിച്ചിട്ടില്ല . മരണാനന്തര ബഹുമതി ആയെങ്കിലും എം .ജെ രാധാകൃഷ്ണന് ജെ . സി . ഡാനിയേൽ പുരസ്കാരം നൽകേണ്ടതാണ് . അർഹതയ്ക്ക് വൈകി ആയാലും അർഹിക്കുന്ന അംഗീകാരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed