ഈ ശുപാർശ പന്പരവിഡ്ഢിത്തം’; സിനിമയിൽ മദ്യപാന പുകവലി രംഗങ്ങൾ വേണ്ടെന്ന ശുപാർശയെ വിമർശിച്ച് മുരളി ഗോപി
കൊച്ചി: സിനിമകളിൽ നിന്നും മദ്യപാന, പുകവലി രംഗങ്ങൾ പൂർണമായും ഒഴിവാക്കാണമെന്ന നിയമസഭ സമിതിയുടെ ശുപാർശയെ വിമർശിച്ച് നടനും തിരക്കഥകൃത്തുമായ മുരളി ഗോപി രംഗത്ത്. ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച മുരളി ഗോപിയുടെ കുറിപ്പ്: “കലാസൃഷ്ടിയുടെ സ്വതന്ത്ര പ്രക്രിയകളെ ചങ്ങലയ്ക്കിടുന്ന ഇത്തരം നീക്കങ്ങൾ പന്പര വിഡ്ഢിത്തത്തിൽ നിന്ന് പിറക്കുന്നതാണ് എന്ന് വിശ്വസിക്കാൻ എളുപ്പമാണ്. പക്ഷെ ഇതിനെ, ഇവിടെ വെച്ച്, ഇപ്പോൾ നേരിട്ടില്ലെങ്കിൽ വളരെ വലിയ അവകാശ ധ്വംസനങ്ങളിലേക്ക് അത് നയിക്കപ്പെടും എന്ന കാര്യത്തിൽ തർക്കമേ വേണ്ട, പ്രത്യേകിച്ചും ബഹുപാർട്ടി പ്രാതിനിധ്യം ഉള്ള ഒരു നിയമസഭാ സമിതി ഇതിന്റെ ചുക്കാൻ പിടിക്കുന്പോൾ. ഇതിൽ പ്രകടമാകുന്നത് ജനാധിപത്യമൂല്യങ്ങളെ കുറിച്ചുള്ള ശുദ്ധ അറിവില്ലായ്മയാണ്. ഇത്തരം വിഡ്ഢിത്തങ്ങൾക്കെതിരെ പൊരുതിയില്ലെങ്കിൽ ഇതിനും ‘വലിയ വില കൊടുക്കേണ്ടി വരും’.
മദ്യപാന, പുകവലി രംഗങ്ങൾ കണ്ട് അവ കുട്ടികൾ അനുകരിക്കുമെന്നതിനാൽ ഇവ പൂർണമായും ഒഴിവാക്കിയ ശേഷം മാത്രമേ സിനിമകൾക്കും സീരിയലുകൾക്കും സെൻസർ ബോർഡ് അനുമതി നൽകാവൂ എന്നാണ് പി. അയിഷാ പോറ്റി എം.എൽ.എ അദ്ധ്യക്ഷയായ നിയമസഭാ സമിതിയുടെ ശുപാർശ.

