ലോകകപ്പ് സെമി ലൈനപ്പ്: അച്ചട്ടായി സച്ചിന്‍റെ പ്രവചനം
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റ് ആവേശം സെമിക്കരികെ എത്തിനിൽക്കുന്പോൾ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ പ്രവചനം അച്ചട്ടാവുന്നു. ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പ് സെമിയിലെത്തുന്ന ടീമുകളെ സച്ചിൻ പ്രവചിച്ചിരുന്നു. സച്ചിന്‍റെ പ്രവചനം കിറുകൃത്യമാണ് എന്ന് ലോകകപ്പ് തെളിയിക്കുന്നു.
കമന്‍റേറ്ററായുള്ള ലോകകപ്പ് അരങ്ങേറ്റത്തിന് തൊട്ടുമുന്‍പാണ് സെമിയിലെത്തുന്ന ടീമുകളേതെന്ന് സച്ചിൻ ടെൻഡുൽക്കർ പ്രവചിച്ചത്. ‘ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകൾ സെമിയിലെത്തും. ന്യൂസിലൻഡോ പാക്കിസ്ഥാനോ ആയിരിക്കും നാലാം സ്ഥാനത്തെത്തുകയെന്നും’ മാസ്റ്റർ ബ്ലാസറ്റർ പ്രവചിച്ചു.
ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകൾക്കൊപ്പം ന്യൂസിലൻഡ് സെമിയിലെത്താനാണ് കൂടുതൽ സാധ്യതകൾ. നെറ്റ് റൺറേറ്റിന്‍റെ ആനുകൂല്യമാണ് കിവീസിനുള്ളത്. പാകിസ്ഥാന് സെമിയിലെത്തണമെങ്കിൽ നാളെ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 316 റൺസിന്‍റെ ജയം നേടണം. നിലവിലെ സാഹചര്യത്തിൽ ഇത് അസാധ്യമാണ്.

