നസ്‌റിയയുടെ സഹോദരൻ നവീൻ നസീം ബിഗ് സ്‌ക്രീനിലേക്ക്
കൊച്ചി: നസ്‌റിയയുടെ സഹോദരൻ നവീൻ നസീം ബിഗ് സ്‌ക്രീനിലേക്ക്. ഗപ്പി സിനിമക്ക് പിന്നാലെ ജോൺ പോൾ സംവിധാനം ചെയ്യുന്ന ചിത്രം അന്പിളിയിൽ പുതുമുഖം തൻവി റാം ആണ് നായിക. നവീന്‍ നസീം സൈക്കിൾ ഓടിക്കുന്ന രംഗമുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഗപ്പി ഉൾപ്പെടെ മലയാള സിനിമയിലെ പുതുനിര ചിത്രങ്ങൾ ഒരുക്കിയ ഇ ഫോർ എന്റർടെയിന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആർ.മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ദേശീയ ശ്രദ്ധയാകർഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരൺ വേലായുധനാണ് അന്പിളിയുടെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്.
ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അന്പിളിയുടെയും സംഗീത സംവിധായകൻ. ഗപ്പിയിലെ ഗാനങ്ങൾക്ക് വരികളൊരുക്കിയ വിനായക് ശശികുമാറിന്റേതാണ് വരികൾ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ എഡിറ്റിംഗ് നിർവ്വഹിച്ച കിരൺ ദാസാണ് അന്പിളിയുടെയും എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. സിനിമ ഈ വർഷം ജൂലൈയിൽ തിയേറ്ററുകളിലെത്തും.

