സിനിമ വേണ്ട, കമ്പ്യൂട്ടര്‍ പഠിച്ചാല്‍ മതിയെന്ന് റാങ്ക് ജേതാവ്
ഹരിപ്പാട്: അക്ഷരലക്ഷത്തിന്റെ റാങ്ക് ജേതാവ് തിരക്കിലാണ്. അഭിനന്ദനമര്‍പ്പിച്ച് കാണാനെത്തിയവരുടെ കൂട്ടത്തില്‍ നടി മഞ്ജു വാര്യരും. സിനിമയില്‍ അഭിനയിക്കണോ എന്ന മഞ്ജുവിന്റെ ചോദ്യത്തിന് കമ്പ്യൂട്ടര്‍ പഠിച്ചാല്‍ മതിയെന്നായിരുന്നു കാര്‍ത്ത്യായനി അമ്മയുടെ ഉത്തരം. ഹരിപ്പാട്ടെ ഹോട്ടല്‍ ലോഞ്ചിലായിരുന്നു കൂടിക്കാഴ്ച. തൊണ്ണൂറ്റിയാറാം വയസ്സില്‍ 98 ശതമാനം മാര്‍ക്ക് നേടിയാണ് കാര്‍ത്ത്യായനിയമ്മ റാങ്ക് സ്വന്തമാക്കിയത്.
ഇനിയും പഠിക്കണമെന്നാണ് ആഗ്രഹം. ഏത് കമ്പ്യൂട്ടര്‍ പഠിക്കണമെന്ന് മഞ്ജു ചോദിച്ചപ്പോള്‍,’ തുറക്കാന്‍ പറ്റുന്ന കമ്പ്യൂട്ടര്‍ ‘ എന്നും കാര്‍ത്ത്യായനിയമ്മ മറുപടി പറഞ്ഞു. പരീക്ഷയെക്കുറിച്ചും പഠനത്തെക്കുറിച്ചും കാര്‍ത്ത്യായനിയമ്മ വാചാലയായി. അരമണിക്കൂറോളമാണ് മഞ്ജുവാര്യര്‍ കാര്‍ത്ത്യായനിയമ്മക്കൊപ്പം ചെലവഴിച്ചത്. റാങ്ക് ജേതാവിനൊപ്പം സെല്‍ഫിയെടുത്ത മഞ്ജു കാര്‍ത്ത്യായനിയമ്മക്ക് കസവുമുണ്ടും സമ്മാനമായി നല്‍കി. സാക്ഷരതാമിഷന്‍ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് മഞ്ജു. ക്രയോണ്‍സ് ഫൗണ്ടേഷനാണ് കൂടിക്കാഴ്ചയ്ക്കു വേദിയൊരുക്കിയത്. റാങ്ക് ജേതാവിനൊപ്പമുള്ള ചിത്രം മഞ്ജു തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.പത്താംതരം പാസ്സാകണമെന്ന ആഗ്രഹവും അക്ഷരജേതാവ് പറഞ്ഞു.

