സ്ത്രീകളുടെ വ്രതകാലം 21 ദിവസമായി ചുരുക്കണം; ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: ശബരിമലയിൽ സ്ത്രീകളുടെ വ്രതകാലം 21 ആയി ചുരുക്കണമെന്നും ഇതു സംബന്ധിച്ച് തന്ത്രിക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇത്തരം നിർദേശം തന്ത്രിക്ക് നൽകാൻ നിയമപരമായി അധികാരമുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. മള്ളിയൂർ സ്വദേശി നാരായണൻ പോറ്റിയാണ് ഈ ആവശ്യമുന്നയിച്ചുള്ള ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഹർജിക്കാരനോടു സുപ്രീം കോടതിയെ സമീപിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. സ്ത്രീകളുടെ അശുദ്ധി സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശത്തിന് വിരുദ്ധമായി നിലപാടെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിലൊരു നിർദ്ദേശം തന്ത്രിയ്ക്ക് നൽകാൻ നിയമപരമായി അധികാരമുണ്ടോ എന്ന് ചോദിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ വ്യക്തമായ മറുപടി ഹർജിക്കാരനില്ലെന്നും പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജിയിൽ അന്തിമ തീരുമാനം വരുന്നതുവരെ ശബരിമലയിൽ സ്ത്രീപ്രവേശനം തടയണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയും ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ വരുന്ന ഹർജി പരിഗണിക്കാൻ അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിലും ഹർജി നൽകിയിട്ടുണ്ടെന്ന കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടി.

