110 ഇഞ്ച് മൈക്രോ എൽഇഡി ടിവിയുമായി സാംസങ്
ദക്ഷിണ കൊറിയൻ ടെക്നോളജി ബ്രാൻഡായ സാംസങ് അടുത്തിടെയാണ് 110 ഇഞ്ച് വലിപ്പമുള്ള ടിവി അവതരിപ്പിച്ചത്. സാംസങിന്റെ 110-ഇഞ്ച് മൈക്രോ എൽഇഡി ടിവിയുടെ വില 156,400 ഡോളർ (ഏകദേശം 1.15 കോടി രൂപ) ആണ്. വമ്പൻ ടിവിയുടെ ബുക്കിംഗ് ദക്ഷിണ കൊറിയയിൽ ആരംഭിച്ചു. ടിവിയുടെ വില്പന അധികം താമസമില്ലാതെ അമേരിക്കൻ, മിഡിൽ ഈസ്റ്റ്, യൂറോപ്യൻ വിപണികളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് സൂചന.
3.3 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട് 110 ഇഞ്ച് മൈക്രോ എൽഇഡി ടിവിയ്ക്ക്. മൈക്രോ എഐ പ്രോസസറും പുത്തൻ സാംസങ് ടിവിയിൽ ഒരുക്കിയിരിക്കുന്നു. മികച്ച നിലവാരം പുലർത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം ഉപയോഗിക്കുന്നു. 8 ദശലക്ഷത്തിലധികം ആർജിബി എൽഇഡി ചിപ്പുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ടിവി 4K റെസല്യൂഷൻ നിലവാരം ഉറപ്പാക്കുന്നുവെന്നാണ് റിപ്പോർട്ട്.
സാംസങിന്റെ ആദ്യ മൈക്രോ എൽഇഡി ഡിസ്പ്ലേയുള്ള ടിവി 110 ഇഞ്ച് ആണ്. എന്നാൽ, ഭാവിയിൽ 70 ഇഞ്ച് മുതൽ 100 ഇഞ്ച് വരെ സ്‌ക്രീൻ വലുപ്പമുള്ള മൈക്രോ എൽഇഡി ടിവികൾ പുറത്തിറക്കാനുള്ള പദ്ധതികൾ കമ്പനി വിഭാവനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. മൈക്രോ എൽഇഡി ടിവികളിൽ മൈക്രോമീറ്റർ വലുപ്പത്തിലുള്ള എൽഇഡി ചിപ്പുകൾ സിംഗിൾ പിക്‌സലുകളായി ഉപയോഗിക്കുന്നു, സ്വയം പ്രകാശിപ്പിക്കാനും മികച്ച വ്യക്തത ഉറപ്പുവരുത്താനും ഇവയ്ക്ക് സാധിക്കും.
