ലോക ധനിക‍ർ: ബിൽ ഗേറ്റ്സ് മൂന്നാസ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു


ന്യൂയോർക്ക്: ബ്ലൂംബെർഗ് ബില്യണയർ പട്ടികയിൽ  കഴിഞ്ഞ ഏഴു വർഷത്തെ ചരിത്രത്തിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ് മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. ഫ്രാൻസിന്‍റെ ബർണാഡ് ആർനോട്ട് ആണ് ബിൽഗേറ്റ്സിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയത്. ആഡംബര വസ്തുക്കളുടെ നിർമ്മാതാക്കളായ ലൂയിസ് വ്യൂട്ടണിന്‍റെ മേധാവിയായ ആർനോട്ടിന് 10,760 കോടി ഡോളറിന്‍റെ ആസ്തിയുണ്ട്. ബിൽഗേറ്റ്സിനാവട്ടെ 10,700 കോടി ഡോളറും. 70 വയസുള്ള ആർനോട്ടിന്‍റെ സ്വത്തിൽ 3900 കോടി ഡോളർ ഈ വർഷം മാത്രം നേടിയതാണ്. 500 പേരുള്ള ബ്ലൂംബർഗ് റാങ്കിംഗിൽ ഏറ്റവും വലിയ വ്യക്തിഗത നേട്ടവും ആർനോട്ടിനാണ്. കഴിഞ്ഞ മാസമാണ് 10,000 കോടി ഡോളർ ക്ലബ്ബിൽ ആർനോട്ട് കയറിയത്.

ഈ വർഷം പ്രധാനമായും ഫ്രഞ്ച് വ്യവസായികൾക്ക് നേട്ടമാണ്. പാരീസ് ആസ്ഥാനമായുള്ള എൽ.വി.എം.എച്ച് എന്ന കുടുംബ ഹോൾഡിംഗ് കന്പനിയെ നിയന്ത്രിക്കുന്ന ആർനോട്ടിന് ഫാഷൻ ഹൗസ് ആയ ക്രിസ്റ്റ്യൻ ഡയോറിന്‍റെ 97 ശതമാനം ഓഹരികളും സ്വന്തമായുണ്ട്. 1984ൽ ക്രിസ്റ്റ്യൻ ഡയോറിന്‍റെ ഉടമസ്ഥതയിലുള്ള ടെക്സ്റ്റൈൽ ഗ്രൂപ്പിനെ സ്വന്തമാക്കിയാണ് അദ്ദേഹം ആഡംബരവസ്തുക്കളുടെ മാർക്കറ്റിലേക്ക് പ്രവേശിച്ചത്. നാലു വർഷത്തിനുശേഷം കന്പനിയുടെ മറ്റ് ബിസിനസുകൾ വിറ്റു. പിന്നീട് എൽ.വി.എം.എച്ചിന്‍റെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കി.  ബ്ലൂംബെർഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്‍റെ ആസ്തി ആകെ 12,500 കോടി ഡോളറാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed