ഡിജിറ്റൽ സ്റ്റാമ്പ് ചെയ്യാതെ ഇനി പുകയില ‘മൊളാസസ്’ ഉൽപന്നങ്ങളുടെ വ്യാപാരം ഇനി ബഹ്റൈനിൽ അനുവദിക്കില്ല

ഡിജിറ്റൽ സ്റ്റാമ്പ് ചെയ്യാതെ ഇനി പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ (ഹുക്ക) രാജ്യത്ത് വിൽക്കാനും ഇറക്കുമതിചെയ്യാനും അനുവദിക്കില്ലെന്ന് നാഷനൽ ബ്യൂറോ ഫോർ റവന്യൂ (എൻ.ബി.ആർ). ജൂൺ 18 മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതിനുമുമ്പ് ഡിജിറ്റൽ സ്റ്റാമ്പുകളില്ലാത്ത പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ വ്യാപാരികൾ പിൻവലിക്കണം. ഇവ ഒന്നുകിൽ നശിപ്പിക്കുകയോ അല്ലെങ്കിൽ ബഹ്‌റൈനിന്റെ പുറത്ത് വിൽപനക്കായി മാറ്റുകയോ ചെയ്യണം. ബന്ധപ്പെട്ട വിതരണ ശൃംഖലയിലൂടെ തിരികെ നൽകാനാണ് വ്യാപാരികളോട് നിർദേശിച്ചിരിക്കുന്നത്. ഉൽപന്നത്തിന്റെ പ്രാരംഭ നിർമാണഘട്ടം മുതലുള്ള വ്യാപാരം നിയമസാധുതയുള്ളതാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി. എക്സൈസ് വരുമാനം ഉറപ്പുവരുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.
എക്സൈസ് വെട്ടിപ്പിന് അഡ്മിനിസ്ട്രേറ്റിവ് പെനാൽറ്റികൾ ചുമത്തുകയും ക്രിമിനൽ കേസ് ഫയൽ ചെയ്യുകയും മറ്റ് തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. വ്യാജവും നിയമവിരുദ്ധവുമായ ഉൽപന്നങ്ങളിൽനിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
rtdtd