വിശ്വമലയാളം പദ്ധതി ഉദ്ഘാടനം - സജി ചെറിയാൻ ബഹ്റൈനിലെത്താൻ സാധ്യതയില്ല

മനാമ
കേരള ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മലയാളം മിഷൻ പരിപാടികൾക്കായി യുഎഇ, ബഹ്റൈൻ എന്നിവിടങ്ങളിലേയ്ക്ക് യാത്ര തിരിക്കേണ്ട സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കേന്ദ്രസർക്കാരിന്‍റെ യാത്ര വിലക്ക്. നേരത്തേ അബൂദബിയിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ് എന്നിവർക്കും കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. സജി ചെറിയാന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് യു.എ.ഇയിലും ബഹ്റൈനിലും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഇന്നലെ രാത്രിയായിരുന്നു മന്ത്രി യു എ ഇയിൽ എത്തേണ്ടിയിരുന്നത്. നാളെ (വെള്ളി) രാവിലെ അജ്മാൻ ഹാബിറ്റാറ്റ് സ്‌കൂളില്‍ മലയാളം ക്ലബ്ബിന്‍റെ ഉദ്ഘാടനം നടത്തിയതിന് ശേഷം വൈകീട്ട് ബഹ്റൈനിലെത്തി വിശ്വമലയാളം പദ്ധതിയുടെ ഉദ്ഘാടനചടങ്ങിലും പങ്കെടുക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
അതേസമയം ബഹ്റൈനിൽ തീരുമാനിക്കപ്പെട്ട പരിപാടികൾക്ക് മാറ്റമില്ലെന്നും, യാത്രാനുമതിക്കായി മന്ത്രിയുടെ ഓഫീസ് ശ്രമിച്ചുവരുന്നതായും മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം സതീഷ് അറിയിച്ചു. മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട ഇതിനകം യുഎഇയിൽ എത്തികഴിഞ്ഞതായും അദ്ദേഹം നേരത്തേ തീരുമാനിച്ച പ്രകാരം ബഹ്റൈനിലെത്തി പരിപാടികളിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
a