ബഹ്റൈൻ - ഖത്തർ ഫോളോ അപ്പ് കമ്മിറ്റി യോ​ഗം റിയാദിൽ ചേർന്നു



ബഹ്റൈൻ-ഖത്തർ ഫോളോഅപ് കമ്മിറ്റിയുടെ ആദ്യ യോഗം റിയാദിലെ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്താണ് നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുകയാണ് ഈ ചർച്ചകളുടെ ലക്ഷ്യം. രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഡോ. അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ ബഹ്റൈൻ സംഘത്തെയും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ഹസൻ അൽ ഹമ്മാദി ഖത്തർ സംഘത്തെയും നയിച്ചു. ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുടെ നിർദേശാനുസരണമാണ് യോഗമെന്ന് ഇരുഭാഗത്തെയും പ്രതിനിധികൾ പറഞ്ഞു. ഭാവിയിൽ തുടർ യോഗങ്ങൾ ഉണ്ടാകുമെന്നും ഇവർ അറിയിച്ചു. ഈ മാസം എട്ടാം തീയ്യതി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും റിയാദിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം തുടരേണ്ടതിന്റെ പ്രാധാന്യവും ഇരുവരും എടുത്തുപറയുകയും ചെയ്തിരുന്നു. ഇത് കൂടാതെ കഴിഞ്ഞ മാസം ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ടെലിഫോണിൽ ചർച്ച നടത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed