ആഡംബര വിവാഹങ്ങളുടെ പ്രിയ ഇടമായി മാറി ബഹ്റൈൻ


സമീപകാലങ്ങളിലായിട്ടാണ് ബഹ്റൈനിലെ വിവിധ പഞ്ചനക്ഷത ഹൊട്ടലുകളിൽ ആഡംബര വിവാഹങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നത്. ബഹ്റൈൻ വിനോദസഞ്ചാര മന്ത്രാലയത്തിന്റെ കീഴിൽ വെഡിങ്ങ് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന യുവർ ജോയ് ഇൻ ബഹ്റൈൻ എന്ന പ്രചരണ കാംപെയിന്റെ ഭാഗമായാണ് ഈ വർദ്ധനവ് ഉണ്ടായിരിക്കുന്നതെന്ന് ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റി സിഇഒ ഡോ നാസർ ഖൈദി വ്യക്തമാക്കി. 2017 മുതൽ 2022 വരെയുള്ള കാലയളവിൽ 54 ആഡംബര വിവാഹങ്ങൾക്കാണ് ബഹ്റൈൻ വേദിയായത്. ഈ വർഷം ആദ്യമൂന്ന് മാസങ്ങളിൽ മാത്രം 14 ആഡംബര വിവാഹങ്ങളാണ് ബഹ്റൈനിൽ വെച്ച് നടക്കുന്നത്. 

20,000 ത്തിലധികം സന്ദർശകരാണ് ഈ വിവാഹങ്ങളിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയത്. 2017ൽ രണ്ടും, 2018ൽ പത്തും, 2019ൽ പതിമൂന്നും, 2020ൽ രണ്ടും, 2022ൽ ഇരുപത്തിയൊന്നും ആർഭാട വിവാഹങ്ങളാണ് ഇവിടെ നടന്നത്.  ഇന്ത്യ, പാകിസ്താൻ, ചൈന, ആസ്ത്രേലിയ, അമേരിക്ക, യു കെ, കാനഡ, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ജോർദാൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിവാഹം നടത്താനായി ബഹ്റൈനിലെത്തുന്നവർ. ഇതിൽ തന്നെ ഇന്ത്യയിൽ നിന്നുള്ളവരുടെ വിവാഹങ്ങളാണ് കൂടുതൽ.  ഇത്തരം വിവാഹങ്ങളുടെ വേദിയായി ബഹ്റൈനെ ഉയർത്താനായി  www.bahrainislandwedding എന്ന വെബ് സൈറ്റും ബഹ്റൈൻ ടൂറിസം വകുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. 

You might also like

Most Viewed