ഫോർമുല വൺ മത്സരങ്ങൾ അവസാന റൗണ്ടിലേക്ക്
ഇന്ന് നടക്കുന്ന ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീയുടെ ആവേശകരമായ ഫൈനല്‍ മത്സരത്തോടെ ഫോർമുല വൺ കാറോട്ട മത്സരങ്ങൾ അവസാനിക്കും. ശനിയാഴ്ച നടന്ന യോഗ്യത മത്സരത്തില്‍ ഫെറാരിയുടെ ചാള്‍സ് ലെക്ലര്‍ക്ക് പോള്‍ പൊസിഷന്‍ സ്വന്തമാക്കി.നിലവിലെ ലോക ചാമ്പ്യൻ റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പന്‍ രണ്ടാമതും ഫെറാരിയുടെ കാര്‍ലോസ് സെയിന്‍സ് മൂന്നാമതും ഫിനിഷ് ചെയ്തു. ഏഴ് തവണ ലോക ചാമ്പ്യനായ മെഴ്സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ അഞ്ചാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. ശനിയാഴ്ച ഉച്ചക്ക് നടന്ന അവസാന പരിശീലനത്തില്‍ മാക്സ് വെസ്റ്റാപ്പനാണ് മുന്നിലെത്തിയത്. ചാള്‍സ് ലെക്ലര്‍ക്ക് രണ്ടാമതും റെഡ്ബുള്ളിന്റെ സെര്‍ജിയോ പെരെസ് മൂന്നാമതുമാണ് ഫിനിഷ് ചെയ്തത്. രാവിലെ നടന്ന ഫോര്‍മുല 3 സ്പ്രിന്‍റ് റേസില്‍ ഹൈടെക് ഗ്രാന്‍ഡ് പ്രീയുടെ ഇസാക്ക് ഹദ്ജാര്‍ ഒന്നാമതെത്തി. പ്രേമ റേസിങ്ങിന്റെ ഒലിവര്‍ ബിയര്‍മാന്‍ രണ്ടാം സ്ഥാനവും എം.പി മോട്ടോര്‍ സ്പോര്‍ട്ടിന്റെ അലക്സാണ്ടര്‍ സ്മൊയ്ലര്‍ മൂന്നാം സ്ഥാനവും നേടി. എം.പി മോട്ടോര്‍ സ്പോര്‍ട്ടിനുവേണ്ടി ഇറങ്ങിയ ഇന്ത്യന്‍ താരം കുഷ് മൈനി 15ാമനായാണ് മത്സരം പൂര്‍ത്തിയാക്കിയത്. അതേസമയം 2030 ൽ സമ്പൂർണ്ണ കാർബൺ രഹിതമായ അന്തരീക്ഷത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന സോളാർ പദ്ധതികൾ പൂർത്തീകരിക്കുമെന്ന ബഹ്റൈൻ ഇന്റർനാഷ്ണൽ സർക്ക്യൂട്ട് പ്രഖ്യാപനവും ഇന്നലെ നടന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി പേരാണ് ഫോർമുല വൺ മത്സരങ്ങൾ കാണാനെത്തുന്നത്

