ബഹ്റൈനിൽ ഉപഭോക്തൃ വിലക്കയറ്റ നിരക്കിൽ വർധനവ്; ഗതാഗത, ഭക്ഷണ ചെലവുകൾ ഉയർന്നു
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ വാർഷിക ഉപഭോക്തൃ വിലക്കയറ്റ നിരക്കിൽ വർധനവ്. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ജൂൺ മാസത്തെ അപേക്ഷിച്ച് 2026 ജൂണിൽ വിലക്കയറ്റ നിരക്കിൽ 2.3 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ഗതാഗത ചെലവുകളിലും ഭക്ഷ്യവസ്തുക്കളുടെ വിലയിലുമുണ്ടായ വർധനവാണ് പ്രധാനമായും ഇതിന് കാരണമായത്.
പ്രധാന മേഖലകളിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത് ഗതാഗത മേഖലയിലാണ്; 10.6 ശതമാനത്തിന്റെ ഉയർച്ചയാണ് ഇവിടെയുണ്ടായത്. വിലക്കയറ്റ നിരക്ക് ഉയരുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചതും ഇതാണ്. ഭക്ഷണ സാധനങ്ങളുടെയും അൽക്കഹോൾ ഇല്ലാത്ത പാനീയങ്ങളുടെയും വിലയിൽ 5.8 ശതമാനം വർധനവുണ്ടായി. കൂടാതെ, മറ്റ് അനുബന്ധ സാധനങ്ങൾക്കും സേവനങ്ങൾക്കും 3.3 ശതമാനവും വിദ്യാഭ്യാസ ചെലവുകളിൽ 2.8 ശതമാനവും വർധനവ് രേഖപ്പെടുത്തി.
അതേസമയം, ചില മേഖലകളിൽ വലിയ രീതിയിലുള്ള വിലക്കുറവും ദൃശ്യമായിട്ടുണ്ട്. 2025 ജൂണിനെ അപേക്ഷിച്ച് വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും 12.6 ശതമാനത്തിന്റെ വലിയ ഇടിവാണുണ്ടായത്. വീട്, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ തുടങ്ങിയവയുടെ ചെലവുകളിൽ 2.2 ശതമാനവും വീട്ടുപകരണങ്ങൾ, ഹോം മെയിന്റനൻസ് എന്നിവയിൽ 1.2 ശതമാനവും കുറവുണ്ടായി.
വിനോദം-സംസ്കാരം , പുകയില-മദ്യോൽപ്പന്നങ്ങൾ എന്നിവയിൽ 0.6 ശതമാനം വീതം കുറവ് രേഖപ്പെടുത്തി. ആശയവിനിമയം , റസ്റ്റോറന്റുകൾ-ഹോട്ടലുകൾ എന്നിവയിൽ 0.3 ശതമാനവും ആരോഗ്യ ചെലവുകളിൽ 0.2 ശതമാനവും നേരിയ കുറവ് വന്നിട്ടുണ്ട്.
cbhcfhf

