അവധിക്ക് നാട്ടിലെത്തിയ ബഹ്റൈൻ പ്രവാസി വീട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽ നിന്ന് വീണു മരിച്ചു
ബഹ്റൈനിൽ ബിസിനസ് ചെയ്യുന്ന കണ്ണൂർ സ്വദേശി അവധിക്ക് നാട്ടിലെത്തി വീട്ടിലേയ്ക്കുള്ള യാത്രക്കിടയിൽ ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു. പാമ്പുരുത്തി മേലേപ്പാത്ത് അബ്ബ്ദുൽ ഹമീദ് (43) ആണ് ബഹ്‌റൈനിൽ നിന്ന് കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം കോഴിക്കോട് നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ശനിയാഴ്ച അപകടത്തിൽ പെട്ടത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം പഴയങ്ങാടി പുഴയിൽ പള്ളിക്കര കടവിന് സമീപം കണ്ടെത്തുകയായിരുന്നു.
മത്സ്യബന്ധനത്തിനായി സ്ഥാപിച്ച വലയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വലയെടുക്കാനെത്തിയ മത്സ്യത്തൊഴിലാളികൾ ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് മൃതദേഹം കണ്ടത്. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരക്കെത്തിച്ചു. 10 വർഷം യാംബുവിൽ പ്രവാസിയായിരുന്ന അബ്ദുൽ ഹമീദ് ഒന്നര വർഷം മുമ്പാണ് ബഹ്‌റൈനിലേക്ക് എത്തിയത്.
മൃതദേഹം ഇന്ന് പാമ്പുരുത്തി ജുമാ മസ്ജിദ് മഖ്ബറയിൽ ഖബറടക്കി. പരേതനായ മാട്ടുമ്മൽ മമ്മു ഹാജിയുടെ മകനാണ് അബ്ദുൽ ഹമീദ്. മാതാവ്: കുഞ്ഞാത്തുമ്മ. ഭാര്യ: റാബിയ. മക്കൾ: റസൽ, റയ, ശബ്ന, സൈബ. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, അബ്ദുൽ റാസിഖ് (യാംബു കണ്ണൂർ ജില്ല കെ.എം.സി.സി ട്രഷറർ), അബ്ദുസ്സലാം, ശിഹാബ്, ആയിഷ, സകീന, റാബിയ, ഖദീജ.


