ബഹ്റൈനിൽ ഇന്ന് മുതൽ യെല്ലോ ലെവൽ നിയന്ത്രണം - മാസ്ക് ഇടാൻ മറക്കല്ലേ !


മനാമ


ഇന്ന് മുതൽ ബഹ്റൈനിൽ യെല്ലോ ലെവൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നതോടെ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായി. ഇതുപയോഗിക്കാത്തവർക്ക് പിഴ ചുമത്തും. കോവിഡ് വകഭേദമായ ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് 2022 ജനവരി 31 വരെ യെലോ ലെവൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർ എത്രയും പെട്ടന്ന് അത് എടുക്കണമെന്ന ആഹ്വാനവും ആരോഗ്യമന്ത്രാലയം അധികൃതർ മുമ്പോട്ട് വെക്കുന്നുണ്ട്.

ജനവരി 31 വരെ നീളുന്ന യെല്ലോ ലെവൽ നിയന്ത്രണങ്ങളുടെ ഭാഗമായി ഗവൺമന്റ് സ്ഥാപനങ്ങളിൽ 30 ശതമാനം പേർക്ക് വർക്ക് അറ്റ് ഹോം സമ്പ്രദായം ഏർപ്പെടുത്തും. ഷോപ്പിങ്ങ് മാളുകൾ, റെസ്റ്റാറന്റ്, കഫേകൾ, ഇൻഡോർ ജിമ്മുകൾ, സ്പോർട്സ് ഹാളുകൾ, സ്വിമ്മിങ്ങ് പൂളുകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ എന്നിവിടങ്ങളിൽ പുതിയ തീരുമാന പ്രകാരം ഗ്രീൻ ഷീൽഡ് നിർബന്ധമാകും. സിനിമ ശാലകൾ, കോൺഫറൻസ് ഹാളുകൾ, ഇൻഡോർ സ്പോർട്സ് ഈവന്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ എന്നിവിടങ്ങളിൽ അമ്പത് ശതമാനം പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇവർ ഗ്രീൻ ഷീൽഡ് ലഭിച്ചവരായിരിക്കണം.

You might also like

Most Viewed