ബഹ്റൈനിൽ കോവിഡ് വാക്സിനേഷൻ എടുത്തവരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു
മനാമ: ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിനായുള്ള വാക്സിനേഷൻ എടുത്തവരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. നിലവിൽ 6,02,644 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 4,74, 844 പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്. ഇന്നലെ 10883 പേർക്കാണ് പുതുതായി വാക്സിൻ നൽകിയത്.അതേസമയം ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് ആറ് മരണങ്ങൾ രേഖപ്പെടുത്തി. 73, 54, 80 വയസ് പ്രായമുള്ള സ്വദേശി സ്ത്രീകൾ, 74 വയസ് പ്രായമുള്ള സ്വദേശി, 37 വയസ് പ്രായമുള്ള വിദേശി പുരുഷൻ, 49 വയസ് പ്രായമുള്ള വിദേശി സ്ത്രീ എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ 361 വിദേശികൾ ഉൾപ്പടെ 997 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.
ഇന്ന് ഉച്ചയ്ക്ക് 1 മണി വരെയുള്ള വിവരപ്രകാരം അഞ്ച് പേർക്ക് കൂടി രാജ്യത്ത് കോവിഡ് കാരണം ജീവൻ നഷ്ടമായി. 67, 70, 85, 64, 60 വയസ് പ്രായമുള്ള സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 599 ആയി. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11151 ആണ്. ഇന്നലെ 1075 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,52, 361ആയി. 88 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

