രാജ്യത്ത് 2.59 ലക്ഷം പുതിയ കോവിഡ് കേസുകൾ
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിശക്തമായി തുടരുന്നു. ഇന്ന് 2.59 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ 1,761 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 1,80,530 ആയി ഉയർന്നു. രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ ഒന്നരക്കോടി (1,53,21,089) കവിഞ്ഞു. കഴിഞ്ഞ 16 ദിവസംകൊണ്ട് 27.50 ലക്ഷം രോഗികളുണ്ടായി. ദിവസേനയുള്ള പുതിയ കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുത്തതോടെ രാജ്യത്ത് യുദ്ധസമാനമായ ആരോഗ്യ അടിയന്തരാവസ്ഥയുടെ സ്ഥിതിയായി. തലസ്ഥാനമായ ഡൽഹിയിൽ പരിശോധിക്കുന്നവരിൽ മൂന്നിലൊരാൾക്കു വീതം കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂവിനു പിന്നാലെ അടുത്ത തിങ്കളാഴ്ച വരെ സന്പൂർണ ലോക്ക്ഡൗണും ഇന്നലെ രാത്രി പ്രാബല്യത്തിലായി. മഹാരാഷ്‌ട്രയിൽ മേയ് ഒന്നു വരെ കർഫ്യൂ അടക്കം കർശന നിയന്ത്രണം തുടരും.

