കോൾഡ് സ്റ്റോറുകൾ വിസ്മൃതിയിലേയ്ക്കോ...


പ്രദീപ് പുറവങ്കര

മനാമ:

പ്രവാസം സ്വീകരിച്ച എല്ലാവർക്കും ഒരു പോലെ പരിചിതമായ ചെറുകിട കച്ചവട സ്ഥാപനങ്ങൾ പതിയെ ഇല്ലാതാവുന്നതായി സൂചന. ബക്കാല, കോൾഡ് സ്റ്റോർ തുടങ്ങിയ പേരുകളിൽ വ്യാപകമായി പ്രവർത്തിച്ചിരുന്ന കച്ചവട സ്ഥാപനങ്ങളാണ് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി ഇപ്പോൾ നേരിടുന്നത്. 
 
ഏകദേശം രണ്ടായിരത്തോളം കോൾഡ് സ്റ്റോറുകളാണ് ബഹ്റൈനിൽ പ്രവർത്തിക്കുന്നത്. ഇതിൽ വലിയൊരു ശതമാനം കോൾഡ് സ്റ്റോറുകളും നടത്തി വരുന്നത് മലയാളികളാണ്. കഴിഞ്ഞ ഫെബ്രവരിയിൽ  ബഹ്റൈനിൽ കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ഈ മേഖലയിൽ നിരവധി പേരാണ് കട അടച്ച് നാട്ടിലേയ്ക്ക് തിരികെ പോയിരിക്കുന്നത്. കോവിഡിന് മുമ്പ് തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകളും പരാധീനതകളും കോൾഡ് സ്റ്റോർ മേഖലയിലുള്ളവരെ ബാധിച്ചിരുന്നു. കോൾഡ് സ്റ്റോർ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം ശമ്പളം ലഭിക്കുമ്പോഴാണ് സാധനങ്ങളുടെ പണം നൽകുന്നത്. പുതിയ സാഹചര്യത്തിൽ ശമ്പളം മുടങ്ങുകയോ, ശമ്പളം വൈകുകയോ പലയിടത്തും സാധാരണ അനുഭവമായതോടെ കോൾഡ് സ്റ്റോറുകളുടെ പ്രവർത്തനത്തെ അതും സാരമായി ബാധിച്ചു.
 
അതേസമയം സാധനങ്ങൾക്കുള്ള ക്രെഡിറ്റ് കാലയളവിന് വലിയ ഇളവുകൾ ഉണ്ടായിട്ടില്ല. സാധനങ്ങൾ ലഭിക്കാത്ത അവസ്ഥ വന്നതോടെ നാട്ടിൽ നിന്ന് കിടപ്പാടം വരെ വിറ്റും പണയപ്പെടുത്തിയുമാണ് ഇതിനുള്ള പണം പലരും കണ്ടെത്തിയത്. നേരത്തേ കോൾഡ് സ്റ്റോർ വിൽക്കാന്‍ വെച്ചാൽ വളരെ പെട്ടന്ന് തന്നെ അത് ഏറ്റെടുക്കാൻ ആളുകൾ വരുമെങ്കിൽ ഇന്ന് കാര്യം മറിച്ചാണ്. മുമ്പൊക്കെ കോൾഡ് സ്റ്റോർ വിൽപനയ്ക്കുണ്ടെന്ന് അറിഞ്ഞാൽ ബംഗ്ലാദേശ് സ്വദേശികൾ അതേറ്റെടുക്കാൻ വരുമായിരുന്നു. കോൾഡ് സ്റ്റോറിന്റെ മുകളിൽ ലഭിച്ചിരുന്ന വിസയും അതുമായി ബന്ധപ്പെട്ട വിസാകച്ചവടവുമായിരുന്നു ഇവർ നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ബംഗ്ലാദേശ് സ്വദേശികൾക്ക് വിസ ലഭിക്കാത്ത അവസ്ഥ വന്നതോടെ അവർക്കും കോൾഡ് സ്റ്റോറുകളിലുള്ള താത്പര്യം നഷ്ടമായി. മുമ്പ് ഒരു സ്വദേശി സ്പോൺസറുടെ സി ആർ വാടകയ്ക്ക് എടുത്തുകൊണ്ടാണ് പലരും ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം സിആറുകൾ വാടകയ്ക്ക് കൊടുക്കുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള നിയമ പ്രശ്നങ്ങളും ഈ മേഖലയെ തളർത്തിതുടങ്ങിയിട്ടുണ്ട്.
 
ഇതോടൊപ്പം ബഹ്റൈൻ പോലുള്ള ചെറിയ രാജ്യത്ത് ജനസാന്ദ്രതയേറിയ മിക്ക സ്ഥലങ്ങളിലും പ്രവർത്തനമാരംഭിച്ചിട്ടുള്ള ഹൈപ്പർ മാർക്കറ്റുകളും, സൂപ്പർമാർക്കറ്റുകളും ചെറുകിട കോൾഡ് സ്റ്റോറുകൾക്ക് നേരത്തേ മുതൽ ഭീഷണിയാണ്. ഉപഭോക്താവിന് ഇവിടെ ലഭിക്കുന്ന ഓഫറുകൾ ഒന്നും തന്നെ കോൾഡ് സ്റ്റോറുകൾക്ക് നൽകാൻ സാധിക്കുന്നില്ല. മുമ്പൊക്കെ പ്രവാസികളിൽ കുടുംബങ്ങളായിരുന്നു ഹൈപ്പർ- സൂപ്പർ മാർക്കറ്റിനെ ഏറെ ആശ്രയിച്ചതെങ്കിൽ കോവിഡിന്റെ കടന്നു വരവോടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാച്ചിലർമാരടക്കം വലിയൊരു വിഭാഗം പേരും മികച്ച ഓഫറുകൾ തേടുന്നുണ്ട്. ഇതോടൊപ്പം ഓൺലൈൻ സ്റ്റോറുകളും കോവിഡിന്റെ സാഹചര്യത്തിൽ ശക്തമായ മത്സരം കാഴ്ച്ച വെച്ചു തുടങ്ങിയിട്ടുണ്ട്.  ഈ ഒരു സാഹചര്യത്തിൽ കടകൾ അടക്കുകയോ, അല്ലെങ്കിൽ ജീവനക്കാരെ ചുരുക്കുകയോ ആണ് ഏക വഴിയെന്നാണ് മിക്ക കോൾഡ് സ്റ്റോർ ഉടമകളും പറയുന്നത്.

article-image

ബഷീർ അമ്പലായി, ജനറൽ സെക്രട്ടറി, ബിഎംബിഎഫ്

ബഹ്റൈനിൽ മലയാളി കച്ചവടക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്ന രണ്ട് കൂട്ടായ്മകളാണുള്ളത്. ഇതിൽ ആദ്യത്തേത് ബഹ്റൈൻ മലയാളി ബിസിനസ് ഫോറമാണ്. മലയാളി ചെറുകിട വ്യാപാരികളുടെ സംഘടനയായിട്ടാണ് പ്രവർത്തിക്കുന്നതെങ്കിലും വിവിധ ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായ ഇടപ്പെടൽ നടത്തുന്ന സംഘടനയാണ് ബിഎംബിഎഫ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ബഹ്റൈൻ മലയാളി ബിസിനസ് ഫോറം. നാന്നൂറോളം കോൾഡ് സ്റ്റോർ ഉടമകൾ ബിഎംബിഎഫിന്റെ ഭാഗമാണ്.

കോവിഡിന് മുമ്പേ തന്നെ വല്ലാത്ത ബുദ്ധിമുട്ടിലായിരുന്നു കോൾഡ് സ്റ്റോർ മേഖലയെന്നും, കോവിഡ് കൂടി വന്നതോടെ അത് ഇരട്ടിച്ചുവെന്നും സംഘടനയുടെ ജനറൽ സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായ ബഷീർ അമ്പലായി പറയുന്നു. നിത്യോപയോഗ സാധനങ്ങൾക്ക് വേണ്ടിയാണ് മിക്കവരും കോൾഡ് സ്റ്റോറുകളെ സമീപിക്കുന്നത്. അതേസമയം ഇതിൽ ലാഭം ഇപ്പോൾ വളരെ കുറവാണ്. കോൾഡ് സ്റ്റോറിലെ ജീവനക്കാർ രാപ്പകൽ അദ്ധ്വാനം നടത്തിയിട്ടു പോലും അവരുടെ ദൈനം ദിന ചിലവുകൾക്ക് വേണ്ട വരുമാനം ലഭിക്കുന്നില്ല. രാവിലെ നാല് മണി മുതൽ രാത്രി പന്ത്രണ്ട് മണിവരെ നീണ്ടു നിൽക്കുന്ന ജോലിയാണ് മിക്കവരും കോൾഡ് സ്റ്റോറുകളിൽ ചെയ്തുവരുന്നതെന്നും ബഷീർ അമ്പലായി പറയുന്നു.

article-image
മജീദ് തണൽ, പ്രസിഡണ്ട്, കോസ്മോ ബഹ്റൈൻ
 
രാജ്യത്തെ മലയാളി കോൾഡ് സ്റ്റോർ നടത്തിപ്പുകാരുടെ സംഘടനയായി രൂപീകരിക്കപ്പെട്ട കോസ്മോ എന്ന കൂട്ടായ്മയും ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. സാധനങ്ങൾ വിറ്റാൽ ലഭിക്കുന്ന മാർജിനിൽ വന്ന കുറവ് ദോഷകരമായ രീതിയിൽ കോൾഡ് സ്റ്റോർ നടത്തിപ്പിനെ ബാധിക്കുന്നുവെന്നാണ് കോസ്മോ പ്രസിഡണ്ടും സാമൂഹ്യപ്രവർത്തകനുമായ മജീദ് തണൽ അഭിപ്രായപ്പെടുന്നത്. മുന്പ് 25 ശതമാനം വരെ മാർജിൻ ലഭിച്ചിരുന്ന പല ഉത്പന്നങ്ങൾക്കും ഇപ്പോൾ എട്ടും പത്തുമൊക്കെ ശതമാനമാണ് മാർജിനായി ലഭിക്കുന്നത്. മാർജിൻ വർദ്ധിപ്പിക്കാനായി കോസ്മോ നടത്തിയ ഇടപ്പെടലുകൾ മുമ്പ് ഫലം കണ്ടിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യത്തിൽ അതും പ്രാവർത്തികമാകുന്നില്ലെന്നാണ് മജീദ് തണൽ പറയുന്നത്. ഇതോടൊപ്പം കാണാചിലവുകൾ ഏറെ വർദ്ധിച്ചിട്ടുണ്ടെന്നും മജീദ് തണൽ പറയുന്നു.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed