കോങ്ങാട് എംഎൽഎ കെ.വി വിജയദാസ് അന്തരിച്ചു


പാലക്കാട്

കോങ്ങാട് എംഎൽഎ കെ.വി വിജയദാസ് അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് അന്ത്യം. 61 വയസ്സായിരുന്നു. തൃശൂർ മെഡിക്കൽ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കോവിഡ് ബാധിച്ച എംഎല്‍എ രോഗമുക്തി നേടിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടി. ഡിസംബര്‍ മുതല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കടുത്ത ശ്വാസകോശ രോഗം ബാധിച്ചതോടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. കുറച്ച് ദിവസമായി ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. പൊതുദർശനത്തിന് ശേഷം നാളെ രാവിലെ 11 മണിയോടെ ചന്ദ്ര നഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും.

1959ല്‍ കെ വേലായുധന്‍റെയും എ താത്തയുടെയും മകനായി പാലക്കാട്ടെ എലപ്പുള്ളിയിലാണ് ജനനം. 1975ല്‍ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ (കെ.എസ്.വൈ.എഫ്) പ്രവര്‍ത്തകനായാണ് വിജയദാസ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. സിപിഎം സിറ്റി ബ്രാഞ്ച് മെമ്പറായി പാർട്ടി പ്രവർത്തനം തുടങ്ങിയ അദ്ദേഹം തെനാരി ക്ഷീരോത്പാദക സംഘത്തിന്‍റെ സ്ഥാപക പ്രസിഡന്‍റായിരുന്നു.

1987ല്‍ പഞ്ചായത്ത് അംഗമായാണ് പാര്‍ലമെന്‍ററി രംഗത്ത് പ്രവേശിച്ചത്. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തതിന് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1996ല്‍ പാലക്കാട് ജില്ലാ പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 2011 മുതൽ കോങ്ങാട് മണ്ഡലത്തിലെ എംഎൽഎയാണ്. നിലവില്‍ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്.

കെ വി വിജയദാസ് എംഎൽഎയുടെ വിയോഗം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയദാസിന് അന്തിമോപചാരം അർപ്പിച്ച് നിയമസഭ നാളെ പിരിയും. മറ്റ് സഭാ നടപടികൾ ഉണ്ടാവില്ല.

You might also like

  • Straight Forward

Most Viewed